ബാലഭാസ്‌കറിനെ നേരത്തെ തന്നെ മൃതപ്രായനാക്കിയശേഷം കാര്‍ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് സംശയം; ഭീഷണിപ്പെടുത്തിയത് ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി: കലാഭവന്‍ സോബി; അപകട സമയത്തെ കാര്യം ബാലഭാസ്‌കര്‍ പറഞ്ഞു; ഇതേവരെ പോലീസ് തന്നോട് ഒന്നും ചോദിച്ചില്ലെന്ന് ഡോക്റ്റര്‍

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചും വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം സജീവമാണെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി ജോര്‍ജ്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബാലഭാസ്‌കറിന്റെ ബന്ധു പ്രിയയുടെയും തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തായുടെ പക്കലും എല്ലാ വിവരങ്ങളും റെക്കോഡ് ചെയ്ത് ഏല്‍പ്പിച്ചിട്ടുണ്ടെന്നും സോബി പറയുന്നു.

മകളുടെ വിവാഹനിശ്ചയശേഷം തിരുനെല്‍വേലിയിലേക്കും തുടര്‍ന്ന് ബംഗളുരുവിലേക്കും പോകാനായി കാര്‍ ഡ്രൈവ് ചെയ്ത് സോബി പോയരാത്രിയാണ് അപകടം നടന്നത്. രാത്രി ഉറക്കം വന്നതിനെ തുടര്‍ന്ന് രാത്രി പന്ത്രണ്ടേകാലോടെ തിരുവനന്തപുരം ദേശീയ പാതയിലെ മംഗലപുരത്തിനടുത്തുള്ള പെട്രോള്‍ ബങ്കില്‍ കാര്‍ കയറ്റിയിട്ടു. ഉറക്കത്തിനിടെപമ്പിന് സമീപം ഒരു നീല ഇന്നോവ കാറിന്റെ ഗ്‌ളാസ് ചിലര്‍ തല്ലിപ്പൊട്ടിക്കുന്നത് കണ്ടത്. മറ്റു വാഹനങ്ങളൊന്നും അപ്പോള്‍ വന്നതുമില്ല. ഒരു സ്‌കോര്‍പിയോ സമീപത്തുണ്ടായിരുന്നു. മൂന്നുമണിയോടെ പെട്രോള്‍ ബങ്കില്‍നിന്നും യാത്ര തിരിച്ച് ഏതാനും സമയത്തിനകം ഒരു കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടത്. ഈ സമയം റോഡ് ബ്ലോക്ക് ചെയ്‌തെന്നവണ്ണം പച്ച ക്വാളിസ് വാന്‍ ഓടുന്നുമുണ്ടായിരുന്നു.

ബാലഭാസ്‌കറിന്റെ കാറാണ് അതെന്ന് അപ്പോള്‍ അറിഞ്ഞില്ല. കാര്‍ നിര്‍ത്താന്‍ സമ്മതിക്കാതിരുന്നതിനാല്‍ പമ്പിന് സമീപം അക്രമത്തിനിരയായ കാറാണെന്ന് മനസിലായതുമില്ല. നീല കളര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആ സമയം അവിടെയുണ്ടായിരുന്നവര്‍ നേരത്തെ പെട്രോള്‍ ബങ്കില്‍ കണ്ടവര്‍ തന്നെയായിരുന്നു. ഇതില്‍ മാറി നിന്നയാളാണ് പിന്നീട് ഡി.ആര്‍.ഐ. ഫോട്ടോ കാണിച്ചതില്‍ നിന്ന് തിരിച്ചറിഞ്ഞ സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്. കാര്‍ ഓടിച്ചിരുന്നത് തടിച്ച ശരീരമുള്ള ഒരാളായിരുന്നുവെന്നും ഇയാളെ പുറത്തിറക്കാന്‍ പാടുപെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞത് അന്ന് ദൃശ്യമാധ്യമങ്ങളില്‍ വന്നിരുന്നു.

ഇടിച്ച ഇന്നോവ കാറിന്റെ പിന്‍ ഗ്‌ളാസുകള്‍ അടക്കം തകര്‍ന്നിരുന്നു. എന്നാല്‍ എന്‍ജിന്‍ ഫൗണ്ടേഷന്‍ പോലും ഇളകിയിട്ടില്ലെന്ന് പിന്നീടറിഞ്ഞു. ബാലഭാസ്‌കറിനെ നേരത്തെ തന്നെ മൃതപ്രായനാക്കിയശേഷം കാര്‍ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് തന്റെ സംശയം. സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ അടുത്ത ചിലര്‍ പിടിയിലായപ്പോള്‍ മുതല്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നതാണ്. അന്നത്തെ എന്റെ യാത്രയും സമയവുമെല്ലാം പെട്രോള്‍ പമ്പില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് സി.ബി.ഐ. ശേഖരിച്ചിട്ടുമുണ്ട്. വലിയ ഭീഷണിയുടെ നിഴലിലാണ് തന്റെ ജീവിതമെന്ന് ബന്ധപ്പെട്ടവര്‍ അറിയേണ്ടതുണ്ടെന്നും സോബി ജോര്‍ജ് പറയുന്നു.

താന്‍ പറയുന്ന കാര്യങ്ങളില്‍ സത്യമില്ലെങ്കില്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നത് എന്തിനെന്ന് സോബി ജോര്‍ജ് ചോദിക്കുന്നു. ഇസ്രയേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയാണ് ഇക്കാര്യത്തില്‍ ആദ്യം ഇടനില നിന്ന് സംസാരിച്ചത്. അന്ന് വന്നുകണ്ടവര്‍ പറഞ്ഞത് പറഞ്ഞതൊക്കെ മതി, ഇനി വേണ്ട എന്നാണ്. പിന്നീട് ഫോണിലൂടെയും മറ്റും ഭീഷണി ആവര്‍ത്തിച്ചു. ഇസ്രയേലില്‍ ജോലി ചെയ്യുന്ന സ്ത്രീയെ നേരത്തെ പരിചയമുള്ളതാണ്. സി.ബി.ഐ.ക്ക് മുമ്പില്‍ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കുകയില്ലെന്നും അതുവരെ ജീവിക്കുകയില്ലെന്നുമാണ് ഭീഷണി. ഇതെല്ലാം പോലീസിനും അറിവുള്ളതാണെന്നും സോബി ജോര്‍ജ് പറയുന്നു.

അപകടസമയത്ത് താന്‍ ഉറങ്ങുകയായിരുന്നുവെന്നും ശബ്ദം കേട്ട് ഞെട്ടി എഴുന്നേല്‍ക്കുകയായിരുന്നുവെന്നും ബാലഭാസ്‌കര്‍ തന്നോടു പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രാഥമിക ശുശ്രുഷ നല്‍കിയ ഡോക്ടറും രംഗത്ത വന്നിട്ടുണ്ട്. അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌ക്കറല്ലായിരുന്നു എന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ഡോക്ടര്‍ ഫൈസലിന്റെ വെളിപ്പെടുത്തല്‍. ബാലഭാക്‌സറിന്റെ മരണം സി.ബി.ഐ ഏറ്റെടുക്കുന്ന ഘട്ടത്തില്‍ ഡോക്ടറിന്റെ വെളിപ്പെടുത്തല്‍ തുടരനേ്വഷണത്തില്‍ നിര്‍ണായകമാകും.

പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷമിയെയും ഡ്രൈവര്‍ അര്‍ജുനനെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലാണ് ആദ്യമെത്തിച്ചത്. അന്ന് ഹൗസ് സര്‍ജനായിരുന്ന ഫൈസലാണ് ബാലഭാസ്‌കറിന് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. മറ്റൊരു ആശുപത്രിയിലെക്ക് ബന്ധുക്കളെത്തി മാറ്റുന്നതുവരെ ബാലഭാസ്‌ക്കറിന് ബോധമുണ്ടായിരുന്നുവെന്നും ഡോ. ഫൈസല്‍ പറയുന്നു. ഇതേവരെ പോലീസ് തന്നോട് വിവരങ്ങള്‍ ആരാഞ്ഞിട്ടില്ലെന്നും ഫൈസല്‍ പറഞ്ഞു. അപകട സമയത്ത് വാഹനമോടിച്ചത് ബാലാഭാസ്‌ക്കറാണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. എന്നാല്‍ ഈ മൊഴി കളവാണെന്നും അര്‍ജ്ജുനാണ് വാഹനമോടിച്ചതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment