40000 തൊട്ട് സ്വര്‍ണ വില; ഗ്രാമിന് 5000

സ്വര്‍ണ വില തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് ഒടുവില്‍ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടയിത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വര്‍ധിച്ച് 39,720 രൂപയിലെത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാര്‍ജിച്ചു. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതാണ് വിലയെ സ്വാധീനിച്ചത്.

ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വര്‍ധനവുണ്ടായി. കിലോഗ്രമീന് 865 രൂപ വര്‍ധിച്ച് 63,355 രൂപയായി.

സംസ്ഥാനത്ത് ജൂലൈ 25ന് സ്വര്‍ണ വില പവന് 38,000 കടന്നിരുന്നു. ഒരു പവന് 38,120 രൂപയും ഗ്രാമിന് 4,765 രൂപയുമായി ആണ് വില ഉയര്‍ന്നത് . രാജ്യാന്തര വിപണിയിൽസ്വര്‍ണ വില കുതിയ്ക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുന്നത്. സംസ്ഥാനത്ത് ജൂലൈ 22 നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്. രണ്ടു മാസം കൊണ്ട് പവന് 5,500 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷം മാത്രം പവന് 8,280 രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്.

സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ വില മുന്നേറുമ്പോഴും രാജ്യത്തെ സ്വര്‍ണ ഡിമാന്‍ഡ് കുറയുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 70 ശതമാനം ഇടിവാണ് ഉണ്ടായത്. മൂല്യത്തിന്റെ കാര്യത്തില്‍ 57 ശതമാനം ഇടിവും ഉണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 11 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഡിമാന്‍ഡ് താഴ്ചയാണിത്.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 63.7 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് വിറ്റു പോയത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 213.2 ടണ്‍ സ്വര്‍ണ വില്‍പ്പന നടന്നിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 62420 കോടി രൂപയുടെ വില്‍പ്പന നടന്നപ്പോള്‍ ഈ വര്‍ഷം നടന്നത് 26000 കോടി രൂപയുടെ വില്‍പ്പന മാത്രം.

സ്വര്‍ണാഭരണ വില്‍പ്പനയുടെ കാര്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. 42 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് ഈ വര്‍ഷം വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 168.6 ടണ്ണായിരുന്നു. 74 ശതമാനം കുറവ്. 18350 കോടി രൂപയുടെ വില്‍പ്പനയാണ് കഴിഞ്ഞ മൂന്നു മാസത്തില്‍ നടന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 49380 കോടി രൂപയെ അപേക്ഷിച്ച് 63 ശതമാനത്തിന്റെ കുറവ്. സ്വര്‍ണത്തിലെ നിക്ഷേപവും കുറഞ്ഞിട്ടുണ്ട്. 8250 കോടി രൂപയുടെ സ്വര്‍ണമാണ് വിവിധ നിക്ഷേപങ്ങളിലായി നടന്നത്. ലോക്ക്ഡൗണും ഉയര്‍ന്ന വിലയുമാണ് സ്വര്‍ണ വില്‍പ്പനയെ ബാധിച്ചത്.

pathram desk 2:
Leave a Comment