സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നത് ഏറ്റവും കുറഞ്ഞ നിരക്ക്

കൊവിഡ് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല സാമൂഹ്യ സാമ്പത്തിക പ്രശ്‌നം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തിനകത്തും പൊതുജനാരോഗ്യ സംവിധാനം ദുര്‍ബലമായത് കൊണ്ട് ചികിത്സക്കായി ജനങ്ങള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരുന്നു. സ്വകാര്യ മേഖല ഈടാക്കുന്ന അമിത ചികിത്സാ ഫീസിനെ സംബന്ധിച്ചുള്ള പരാതികള്‍ വന്നു കൊണ്ടിരിക്കയാണ്. രോഗികളും ബന്ധുക്കളും വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടുന്നത്. നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ണമായും സൗജന്യ ചികിത്സയാണ് നല്‍കി വരുന്നത്. കൊവിഡ് ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും രോഗികള്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സക്ക് സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത 44 ആശുപത്രികളും ഭാഗികമായി പ്രവര്‍ത്തിക്കുന്ന 42 ആശുപത്രികളും സ്വകാര്യമേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആശുപത്രികള്‍ ഏറ്റെടുത്ത് കൊവിഡ് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി മാറ്റുന്നതാണ്. കാരുണ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കൊവിഡ് കാലത്ത് കൂടുതല്‍ ആശുപത്രികള്‍ സര്‍ക്കാരുമായി കൈ കോര്‍ത്തുവരികയാണ്. കാസ്പ് ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന കൊവിഡ് രോഗികള്‍ക്കും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭിക്കും. കൊവിഡ് ചികിത്സക്ക് മാത്രമായി താത്കാലിക എംപാനല്‍മെന്റ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ച് പ്രഖ്യാപിച്ചു.

ജനറല്‍ വാര്‍ഡില്‍ 2300 രൂപ, ഐസിയുവില്‍ 6500 രൂപ, വെന്റിലേറ്റര്‍ ഐസിയുവില്‍ 11,500 രൂപ. ഇതാണ് നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ പലതിലും സര്‍ക്കാര്‍ നിശ്ചയിച്ച് നിരക്കിലും വളരെ കൂടുതല്‍ പല സ്വകാര്യ ആശുപത്രികളും ഈടാക്കി രോഗികളെ കഷ്ടപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ സര്‍ക്കാരുമായി പൂര്‍ണമായി സ്വകാര്യ മേഖല സഹകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment