മറ്റു രോഗങ്ങൾക്കു ചികിത്സ തേടിയവർക്കും കൂട്ടിരിപ്പുകാർക്കും കോവിഡ്

തിരുവനന്തപുരം • മറ്റു രോഗങ്ങൾക്കു ചികിത്സ തേടി മെഡിക്കൽ കോളജിലെത്തിയവർക്കും കോവിഡ്. ശസ്ത്രക്രിയാ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്ന രോഗികൾക്ക് വൈറസ് പകർന്നതും കൂട്ടിരിപ്പുകാരായി എത്തിയ പത്തിലേറെ പേർക്കും സ്ഥിരീകരിച്ചതായുള്ള വിവരവും മെഡിക്കൽ കോളജിന്റെ പ്രവർത്തനം താറുമാറാക്കി. ശസ്ത്രക്രിയാ വാർഡിൽ നിന്നു ഡിസ്ചാർജ് ചെയ്യാൻ നിശ്ചയിച്ചവരെ പോലും വിടാൻ നിവ‍ൃത്തിയില്ല. ഒടുവിൽ വാർഡുകൾ തന്നെ (ശസ്ത്രക്രിയ വാർഡ് നമ്പർ – 17,18,19) കോവിഡ് ചികിത്സയ്ക്കു തുറന്നുകൊടുത്തു. രോഗികളെ പരിചരിക്കാനെത്തിയവർക്കും രോഗബാധ ഇരുട്ടടിയായി. നിലവിൽ കെഎച്ച്ആർഡബ്ല്യുഎസിന്റെ പേ വാർഡിലാണ് കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചിരുന്നത്.
രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പേ വാർഡിനു പുറമേ 5,6,14 വാർ‍ഡുകളും കോവിഡ് ചികിത്സയ്ക്കു വേണ്ടി മാറ്റി. ശസ്ത്രക്രിയാ വാർഡിൽ കോവിഡ് പിടിമുറുക്കിയതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 40 ഡോക്ടർമാരും നഴ്സുമാർ ഉൾപ്പടെ 75ൽ അധികം ജീവനക്കാരും ക്വാറന്റീനിൽ പോയി. ഇതിനു പകരം സംവിധാനം കാര്യക്ഷമമല്ല.മറ്റു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രോഗമുണ്ടോയെന്ന കാര്യത്തിൽ അധികൃതർക്കൊന്നും വ്യക്തതയില്ല. ഇവർക്കു കോവിഡ് പരിശോധന നടത്തുന്ന കാര്യവും തീരുമാനിച്ചിട്ടില്ല.

pathram desk 1:
Leave a Comment