സംസ്ഥാനത്തെ 106 പേര്‍ക്ക് രോഗം പകര്‍ന്ന വഴി കണ്ടെത്തി ആരോഗ്യ വകുപ്പ്; 18 പേരുടെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല

തിരുവനന്തപുരം: കേരളത്തില്‍ രോഗസ്രോതസ്സ് അറിയാതിരുന്ന 106 പേര്‍ക്കു രോഗം പകര്‍ന്ന വഴി എപ്പിഡമിയോളജിക്കല്‍ അന്വേഷണം വഴി കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. അതേസമയം, ഇവര്‍ക്കു രോഗം കിട്ടാന്‍ സാധ്യത ഈ വഴിയാണ് എന്നതിലപ്പുറം വ്യാപനം തുടങ്ങി വച്ച ആദ്യരോഗികളെ (ഇന്‍ഡക്‌സ് പേഷ്യന്റ്) കണ്ടെത്തിയതായി പറയുന്നില്ല. 18 പേരുടെ സ്രോതസ്സ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സ്രോതസ്സ് വ്യക്തമല്ലാതിരുന്ന 159 പേരില്‍ 124 പേരുടെ അന്വേഷണമാണു പൂര്‍ത്തിയായത്.

യാത്രാചരിത്രമോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്ത ഒട്ടേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത് വ്യാപകമായ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സമൂഹവ്യാപനത്തിന്റെ തെളിവായി വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടര്‍ന്നാണ് എപ്പിഡമിയോളജിക്കല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.

രോഗികളുടെയും കുടുംബാംഗങ്ങളുടെയും യാത്രാവിവരങ്ങളും സമ്പര്‍ക്കപ്പട്ടികയും പൂര്‍ണമായി ശേഖരിച്ച് സംശയമുള്ളവരിലെല്ലാം രോഗപരിശോധനകള്‍ നടത്തിയാണു ഭൂരിഭാഗം പേരുടെയും സ്രോതസ്സ് കണ്ടെത്തിയത്.

മലപ്പുറം ജില്ലയിലാണ് സ്രോതസ്സ് വ്യക്തമല്ലാതിരുന്ന ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്നത്–32 പേര്‍. ഇതില്‍ 20 പേരുടെ അന്വേഷണം പൂര്‍ത്തിയായപ്പോള്‍ 17 പേരുടെ രോഗസ്രോതസ്സ് വ്യക്തമായെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം (3), കൊല്ലം (2), ഇടുക്കി (1), കോട്ടയം (3), തൃശൂര്‍ (2), പാലക്കാട് (3), മലപ്പുറം (3) കോഴിക്കോട് (1) എന്നിങ്ങനെയാണ് ഇപ്പോഴും സ്രോതസ്സ് അറിയാത്ത രോഗികളുടെ എണ്ണം.

follow us pathram online

pathram:
Leave a Comment