സ്ഥലക്കച്ചവടത്തിന് എത്തിയ സ്ത്രീ വ്യാപാരിയുമായി അടുത്ത് ഇടപഴകുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഘം 1.37 ലക്ഷം രൂപ തട്ടിയെടുത്തു. അടിമാലിയിലെ ചെരിപ്പ് കട നടത്തുന്ന വിജയനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ജനുവരി 27ന് അടിമാലിയിലെ വിജയന്റെ ബന്ധുവിന്റെ 9.5 സെന്റ് സ്ഥലം വാങ്ങാന്‍ എന്ന പേരില്‍ അജിതയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വീട്ടില്‍ എത്തി. സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങള്‍ യുവതി ഫോണില്‍ തന്ത്രപൂര്‍വം പകര്‍ത്തി.
പിന്നാലെ റിട്ട. ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തി സഹദേവന്‍ എന്നയാള്‍ വിജയനെ വിളിച്ച് വീട്ടില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും തെളിവ് കൈവശം ഉണ്ടെന്നും പറഞ്ഞു. സംഭവം ഒതുക്കി തീര്‍ക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും അറിയിച്ചു. പിന്നാലെ ഷാജി, ഷൈജന്‍ എന്നിവരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണി ശക്തമായപ്പോള്‍ ഒരു അഭിഭാഷകന്‍ മുഖേന 1,37,000 രൂപ നല്‍കി.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കടയിലെത്തി ഭീഷണിപ്പെടുത്തി ബാക്കി പണവും ആവശ്യപ്പെട്ടു.
പണം ലഭിക്കാതായതോടെ സംഘം വിജയന്റെ ബന്ധുക്കളെയും, കുടുംബാംഗങ്ങളേയും ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു.ഇതോടെ വിജയന്‍ ഡിജിപിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ഏഴര ലക്ഷം രൂപയുടെ മൂന്നു ചെക്കു ലീഫുകളും, എഴുതാത്ത രണ്ട് മുദ്രപത്രങ്ങളും സംഘം കൈക്കലാക്കി. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
FOLLOW US: pathram online latest news
Leave a Comment