വേറിട്ട രീതിയിൽ മൊബൈൽ ഫോൺ കടകളിൽ മോഷണം..!

തൃശൂർ: പൂട്ടുപൊളിക്കുകയോ ചുമർ തുരക്കുകയോ മേൽക്കൂര പൊളിക്കുകയോ ചെയ്യാതെ മൊബൈൽ ഫോൺ കടകളുടെ ഉള്ളിൽക്കടന്നു മോഷണം! കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (33), ചെന്നൈ റെഡ് ഹിൽസ് സ്വദേശി ശിവ (24) എന്നിവരാണു വിചിത്രമായ രീതിയിൽ മോഷണം നടത്തി പൊലീസ് പിടിയിലായത്.

ശക്തൻ ബസ് സ്റ്റാൻഡിലെ മൊബൈൽ കടയിൽ നിന്ന് 10 മൊബൈൽ ഫോണുകൾ, ഒരു ടാബ് എന്നിവ മോഷണം പോയതിനു പിന്നാലെ ഈസ്റ്റ്, നിഴൽ പൊലീസ് സംഘങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലാണ് വിചിത്രമായ മോഷണരീതി ചുരുളഴിഞ്ഞത്. ലോക്ഡൗൺമൂലം അടഞ്ഞു കിടക്കുന്ന കടകൾക്കു മുന്നിലൂടെ പകൽ സമയങ്ങളിൽ കറങ്ങിനടന്നാണ് ഇവരുടെ മോഷണം. ഇത്തരം കടകളിൽ ഷട്ടറിന്റെ ഒരു വശം മാത്രം പൂട്ടിയിട്ടവ പ്രത്യേകം തിരഞ്ഞു കണ്ടുപിടിക്കും.

രാത്രിയിലെത്തി ഷട്ടറിന്റെ പൂട്ടാത്ത ഭാഗം വലിച്ചുയർത്തി വിടവുണ്ടാക്കും. ഇതിനിടയിലൂടെ നൂണ്ടുകയറി കടയ്ക്കുള്ളിൽ മോഷണം നടത്തും. എംജി റോഡിലെ മൊബൈൽ കടയിലും ഇവർ ഇതേ രീതിയിൽ മോഷണം നടത്ത‍ിയിരുന്നു. വിലയേറിയ മൊബൈൽ ഫോണും ടാബും ഇവിടെ നിന്നു കവർന്നു. ഈസ്റ്റ് സിഐ പി. ലാൽകുമാർ, എസ്ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എം. രാജൻ, പി.എം. റാഫി, എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Follow us: pathram online

pathram desk 2:
Related Post
Leave a Comment