കേരളത്തില്‍ യുവാക്കളെ നോട്ടമിട്ട് കോവിഡ്; കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ!

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ കൂടുതലും യുവാക്കളില്‍. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച് 100 ദിവസം തികഞ്ഞ മേയ് എട്ടിന് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം 16 ആയിരുന്നു. മേയ് എട്ടിനു പുതുതായി ഒരാള്‍ക്കു മാത്രമാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആറിനും ഏഴിനും ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നുമില്ല. എന്നാല്‍ കേരളത്തില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചതിന്റെ 150ാം ദിവസം, ജൂണ്‍ 27ന്, പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത് 195 പേര്‍ക്ക്! ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജൂണ്‍ 19 മുതല്‍ തുടര്‍ച്ചയായി ഇതുവരെ എല്ലാ ദിവസവും 100നു മുകളിലാണ് കോവിഡ് കേസുകള്‍. അതില്‍ത്തന്നെ ഏറെയും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കു തിരിച്ചെത്തിയവരും.

മേയ് 4 മുതല്‍ ചെക്ക് പോസ്റ്റ് വഴിയും മേയ് 7 മുതല്‍ വിമാന മാര്‍ഗവും മേയ് 20 മുതല്‍ ട്രെയിന്‍ മാര്‍ഗവും മേയ് 10 മുതല്‍ കപ്പല്‍ മാര്‍ഗവുമാണ് വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മലയാളികളെത്തിത്തുടങ്ങിയത്. എന്നാല്‍ ഇത്തരത്തില്‍ മടങ്ങിയെത്തിയ എല്ലാവരുടെയും കണക്ക് കൃത്യമായി സര്‍ക്കാരിന്റെ കയ്യിലുള്ളതിനാലും രോഗികളുടെ ട്രാക്കിങ് സാധ്യമാകുന്നതിനാലും കാര്യമായ ആശങ്കയില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്. മാത്രവുമല്ല കേരളത്തിനു പുറത്തുനിന്നെത്തുന്നവരെല്ലാം കൃത്യമായി ക്വാറന്റീന്‍ പാലിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യനിലയെ ഭദ്രമാക്കുന്നുമുണ്ട്.

അതേസമയം, സമ്പര്‍ക്കം വഴിയുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുകയാണ്. ഇവരില്‍ പലര്‍ക്കും എവിടെനിന്നു രോഗം ബാധിച്ചു എന്നു കണ്ടെത്താനാകാത്തതാണു പ്രശ്‌നം. സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധ ദിനംപ്രതി വര്‍ധിക്കുന്നതും ആശങ്കയുള്ളവാക്കുന്നു. ഇതുവരെയുള്ള ആകെ കേസുകളില്‍ 11.80% മാത്രമാണ് സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചത്. ശേഷിച്ച 88.20% കേസുകളും കേരളത്തിനു പുറത്തുനിന്നാണ്. പക്ഷേ സമ്പര്‍ക്കത്തിലൂടെ ഒരു ശതമാനം പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍പോലും ഏറെ ശ്രദ്ധ നല്‍കേണ്ടത് അതു തടയുന്നതിനാണ്.

ജനുവരി 30നാണ് കേരളത്തിലെ ആദ്യ കേസ് തൃശൂരില്‍ സ്ഥിരീകരിക്കുന്നത്. ഫെബ്രുവരിയില്‍ ആലപ്പുഴയും കാസര്‍കോടും കോവിഡ് സ്ഥിരീകരിച്ചു. ബാക്കി എല്ലാ ജില്ലകളിലും മാര്‍ച്ചിലും. കൊല്ലത്തായിരുന്നു ഏറ്റവും അവസാനം സ്ഥിരീകരിച്ചത് മാര്‍ച്ച് 27ന്.

സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറത്താണ് ജൂണ്‍ 26ന് അവിടെ രോഗം ബാധിച്ചത് 47 പേര്‍ക്ക്. രണ്ടാം സ്ഥാനം പാലക്കാടിനാണ് ജൂണ്‍ 5ന് 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ചു ചികിത്സയിലുള്ളത് പാലക്കാടാണ്. ജൂലൈ 1ന് അവിടെ 291 പേര്‍ ചികിത്സയിലുണ്ട്. രണ്ടാം സ്ഥാനം മലപ്പുറത്തിനാണ് ജൂലൈ 1ന് അവിടെ ചികിത്സയിലുള്ളത് 260 രോഗികള്‍. ജൂലൈ 1 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നതും പാലക്കാട്ടും മലപ്പുറത്തുമാണ്.

ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ഭേദപ്പെട്ടതും മലപ്പുറത്താണ് ജൂണ്‍ 21ന് 38 പേര്‍ക്ക്. രണ്ടാം സ്ഥാനത്ത് കോഴിക്കോടിനാണ് ജൂണ്‍ 24നു 35 പേര്‍ക്ക്.

കേരളത്തില്‍ ജൂലൈ 1 വരെ കോവിഡ് ബാധിച്ച് 25 പേരാണു മരിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ കണ്ണൂരിലും തിരുവനന്തപുരത്തുമാണ് നാലു പേര്‍ വീതം. കാസര്‍കോട്, കോട്ടയം, ഇടുക്കി ജില്ലകളില്‍ ആരും കോവിഡ് ബാധിച്ചു മരിച്ചിട്ടില്ല.

ജൂണ്‍ 30 വരെ വിവിധ ജില്ലകളിലായി നിലവില്‍ 1,87,219 പേര്‍ നിരീക്ഷണത്തിലുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ 31096. കണ്ണൂരാണ് രണ്ടാമത്22664. വയനാട്ടിലാണ് ഏറ്റവും കുറവ് പേര്‍ ക്വാറന്റീനിലുള്ളത്3706.

ഇതു വരെ കേരളം ആകെ 1,81,780 സാംപിളുകള്‍ ടെസ്റ്റിനായി അയച്ചു. ജൂലൈ 1 വരെ 4593 സാംപിളുകള്‍ പോസിറ്റിവായി. 4042 സാംപിളുകളില്‍ ഫലം വരാനുണ്ട്.

കേരളത്തില്‍ ജൂലൈ 1 വരെയുള്ള കണക്ക് പ്രകാരം 30-39 വയസ്സിനിടയിലുള്ള യുവാക്കളെയാണ് കോവിഡ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്807 പേര്‍ക്ക്. രണ്ടാം സ്ഥാനത്ത് 20-29 പ്രായത്തിലുള്ളവരാണ്729 പേര്‍. സ്ത്രീകളില്‍ എന്നാല്‍ 20-29 പ്രായക്കാരിലാണ് ഏറ്റവുമധികം കോവിഡ് ബാധിതര്‍274 പേര്‍. രണ്ടാം സ്ഥാനത്ത് 30-39 വയസ്സിനിടയിലുള്ളവരും170.

ജൂലൈ 1 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ ആകെ 4593 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടുണ്ട്. 2130 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 2436 പേര്‍ക്ക് രോഗം ഭേദമായി. കേരളത്തില്‍ ആകെ കേസുകളില്‍ ഉള്‍പ്പെടുത്തിയ രണ്ടു പേര്‍ നിലവില്‍ സംസ്ഥാനത്ത് ഇല്ല. ജൂണ്‍ 5ന് കോവിഡ് പോസിറ്റിവായ തമിഴ്നാട് സ്വദേശി പാലക്കാട്‌നിന്നു സ്വന്തം സംസ്ഥാനത്തേക്ക് മുങ്ങിയിരുന്നു. ജൂണ്‍ 15ന് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തി മഹാരാഷ്ട്രയിലേക്കു പോയിരുന്നു. സജീവ കേസുകളില്‍നിന്ന് ഇരുവരെയും ഒഴിവാക്കിയാണ് കേരളത്തിന്റെ നിലവിലെ കണക്ക്.

FOLLOW US: pathram online

pathram:
Related Post
Leave a Comment