കെഎസ്‌യുവും എസ്എഫ്‌ഐയും കൈകോര്‍ത്തു; ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് ടിവി ലഭിച്ചു..!!!

സംസ്ഥാനത്ത് ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമെത്തിക്കാന്‍ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്. പലരുടെയും സഹായത്തോടെ ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരായി നിരവധി പേര്‍ എത്തുന്നുമുണ്ട്.
ഇതേപോലെ , പാവപ്പെട്ട ഒരു കുട്ടിക്ക് ടിവി എത്തിക്കാന്‍ വ്യത്യസ്ത രാഷ്ട്രീയ ചേരികളിലുള്ള കെഎസ്‌യുവും എസ്എഫ്‌ഐയും കൈകോര്‍ത്ത കാഴ്ചയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കയ്യടി വാങ്ങുന്നത്.

മലപ്പുറത്താണ് രാഷ്ട്രീയ കേരളത്തിനു അഭിമാനിക്കാവുന്ന സംഭവം. കെഎസ്‌യു ജില്ല പ്രസിഡന്റ് ഹാരിസ് മുദൂരിന്റെ ഒരു വാട്‌സാപ്പ് സ്റ്റാറ്റസാണ് ഇങ്ങനെയൊരു സംഭവത്തിലേക്ക് നയിച്ചത്. പാവപ്പെട്ട കുട്ടിക്ക് ഓണ്‍ലൈന്‍ പഠനസൗകര്യത്തിനായി ഒരു ടിവി വേണമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ സ്റ്റാറ്റസിട്ടു. ഇതുകണ്ട് ടിവി എത്തിക്കാമെന്ന് എസ്എഫ്‌ഐ അറിയിക്കുകയായിരുന്നു.

കെഎസ്‌യു പ്രസിഡന്റിന്റെ സ്റ്റാറ്റസ് കണ്ട എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എ.സക്കീറാണ് ടിവി എത്തിച്ചത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒരു നല്ല കാര്യത്തിനാണ് കൈ കോര്‍ക്കുന്നതെന്ന് രണ്ട് നേതാക്കളും പറഞ്ഞു.

രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മിലടിക്കുന്നവര്‍ ഇത്തരം നല്ല മാതൃകകള്‍ അനുകരിക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്. കെഎസ്‌യു, എസ്എഫ്‌ഐ നേതാക്കളെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

FOLLOW US: pathram online in daily hunt

pathram:
Related Post
Leave a Comment