രാഹുല്‍ നീച രാഷ്ട്രീയം മാറ്റവയ്ക്കണം: അമിത് ഷാ

ലഡാക്ക് സംഘര്‍ഷത്തെചൊല്ലി കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രതീക്കൂട്ടിലാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. രാജ്യം ഐക്യപ്പെടുന്ന ഘട്ടത്തില്‍ രാഹുല്‍ നീച രാഷ്ട്രീയം മാറ്റിവെച്ച് ദേശീയ താത്പര്യത്തിന് ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ പറഞ്ഞു. ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികന്റെ പിതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന വീഡിയോ ഉയര്‍ത്തിക്കാട്ടിയാണ് അമിത് ഷാ രംഗത്തെത്തിയത്.

‘ധീരനായ സൈനികന്റെ പിതാവ് സംസാരിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്. രാജ്യം മുഴുവന്‍ ഐക്യപ്പെടുന്ന ഈ സമയത്ത് രാഹുല്‍ ഗാന്ധി നീചമായ രാഷ്ട്രീയം മാറ്റിവെച്ച് ദേശീയ താത്പര്യത്തോട് ഐക്യപ്പെടണം’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ത്യന്‍ സൈന്യം ശക്തമാണ്. ചൈനയെ പരാജയപ്പെടുത്താന്‍ സാധിക്കും. രാഹുല്‍ ഗാന്ധി ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. എന്റെ മകന്‍ സൈന്യത്തില്‍ പോരാടി, അവന്‍ സൈന്യത്തില്‍ തുടരും’ സൈനികന്റെ പിതാവ് പറയുന്ന വീഡിയോ സന്ദേശവും അമിത് ഷാ റീ ട്വീറ്റ് ചെയ്തു.

നേരത്തെ സൈനികന്റെ പിതാവിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിന് വേണ്ടി കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് വച്ചെന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.

ഭൂമി ചൈനയുടേതാണെങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമായത്. അവര്‍ എവിടെയാണ് കൊല്ലപ്പെട്ടതെന്നും രാഹുല്‍ ചോദിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ പ്രദേശത്ത് പുറത്ത് നിന്ന് ആരുമില്ല. ഇന്ത്യയുടെ പോസ്റ്റ് ആരും പിടിച്ചെടുത്തിട്ടുമില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

follow us: PATHRAM ONLINE DAILY HUNT

pathram:
Related Post
Leave a Comment