സച്ചിക്കുണ്ടായ ഹൃദയാഘാതം അനസ്തീസിയ നല്‍കിയതിലെ പിഴവല്ലെന്ന് കെജിഎംഒഎ

കൊച്ചി: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്കുണ്ടായ ഹൃദയാഘാതം അനസ്തീസിയ നല്‍കിയതിലെ പിഴവല്ലെന്ന് വിശദീകരിച്ച് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തെറ്റിസ്റ്റ് ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വൈകിട്ട് നാലു മണിക്ക് അനസ്തീസിയ നല്‍കി ആറേകാലിന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് 11.30 സച്ചി മറ്റുള്ളവരോട് സംസാരിക്കുകയും കാപ്പി കുടിക്കുകയും ചെയ്തതായാണ് വിവരം. ഇതും കഴിഞ്ഞ് 11.50 നാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നതെന്നും ഡോ. ജോസഫ് ചാക്കോ പറഞ്ഞു. അതേസമയം സച്ചിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

സാധാരണ നിലയില്‍ അനസ്തീസിയ നല്‍കിയാല്‍ മൂന്നു മണിക്കൂറില്‍ കൂടുതല്‍ അതിന്റെ ഫലം നില്‍ക്കില്ല. അനസ്തീസിയയുടെ ഫലവും കഴിഞ്ഞ് പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡില്‍ ചെന്ന് അവിടെയുള്ളവരോട് സംസാരിക്കുകയും കാപ്പി കുടിക്കുകയും ചെയ്ത ശേഷമാണ് ഹൃദയാഘാതമുണ്ടാകുന്നതും ബാക്കി പ്രശ്‌നങ്ങളുണ്ടാകുന്നതും. ഇതൊരിക്കലും അനസ്‌തെറ്റിസ്റ്റിന്റെ പിഴവല്ലെന്ന് ഉറപ്പാണ്. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സച്ചിക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തത്. ഒന്നര മാസം മുമ്പ് ഇതേ ആശുപത്രിയില്‍ ഒരു ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞതാണ്. അത് പൂര്‍ണ വിജയമായതിനെ തുടര്‍ന്നായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ.

സച്ചിയുടെ ഹൃദയാഘാതത്തിനു കാരണം പള്‍മനറി എംബോളിസമോ ഫാറ്റ് എംബോളിസമോ ആകാം. നേരത്തേ വേണ്ട പരിശോധനകളെല്ലാം നടത്തിയിരുന്നു എന്നാണ് വിവരം. എന്നിരുന്നാലും ഏതൊരു ശസ്ത്രക്രിയയ്ക്കും ഇത്തരത്തിലൊരു അപൂര്‍വ സാധ്യതയുണ്ടാകും. നിര്‍ഭാഗ്യവശാല്‍ ഇദ്ദേഹത്തിന് സംഭവിച്ചു എന്നേ ഉള്ളൂ. ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ മികച്ച സംവിധാനങ്ങളുള്ള ആശുപത്രിയാണ് വടക്കാഞ്ചേരിയിലെ ഈ ആശുപത്രി എന്നാണ് അന്വേഷണത്തില്‍ നിന്ന് മനസ്സിലാക്കാനായത്. സര്‍ജനും പരിചയ സമ്പന്നനാണ്. രണ്ടേകാല്‍ മണിക്കൂറുകൊണ്ട് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യാന്‍ ഒരു വിദഗ്ധനു മാത്രമേ സാധിക്കൂ. സമയമാണ് നമ്മള്‍ നോക്കുന്നത്. അത് കൃത്യമാണ്. അനസ്തീസിയയുടെ സെഡേഷന്‍ കഴിഞ്ഞ ശേഷമാണ് ഹൃദയാഘാതമുണ്ടായത്.

ഇങ്ങനെ ഒരു സംഭവമുണ്ടായാല്‍ ഡോക്ടര്‍മാര്‍ എന്ന നിലയില്‍ ഉറങ്ങാന്‍ പോലും പറ്റാത്ത മാനസിക അവസ്ഥയിലാകും ഞങ്ങള്‍. ശസ്ത്രക്രിയ ചെയ്ത ഡോക്ടറും അനസ്‌തെറ്റിസ്റ്റും കടുത്ത മാനസിക സമ്മര്‍ദത്തിലായിരിക്കും. സമൂഹത്തിന് അല്ലെങ്കില്‍ത്തന്നെ അനസ്തീസിയ ഭയമാണ്. ആ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത വരുന്നത് അനസ്തീസിയ ഡോക്ടര്‍മാരുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഡോ. ജോസഫ് ചാക്കോ പറഞ്ഞു. സച്ചിക്ക് ഇടുപ്പ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് പ്രശസ്ത കായിക താരങ്ങളുടെ ശസ്ത്രക്രിയ നടത്തി പരിപൂര്‍ണ വിജയം കൈവരിച്ച ഡോക്ടര്‍ പ്രേംകുമാറാണ്.

follow us: PATHRAM ONLINE

pathram:
Leave a Comment