കോവിഡ് കുതിക്കുന്നു; ഐസിയു ബെഡുകള്‍ക്കും വെന്റിലേറ്ററുകള്‍ക്കും കുറവുണ്ടാകുമെന്നു മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടിയ 5 സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്കുള്ള ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്കു കുറവുണ്ടാകുമെന്നു കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, യുപി സംസ്ഥാനങ്ങളില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ക്ഷാമം നേരിട്ടേക്കുമെന്നാണു മുന്നറിയിപ്പ്. അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നു സംസ്ഥാനങ്ങള്‍ ആരോപിച്ചു.

ഡല്‍ഹിയില്‍ ജൂണ്‍ ആദ്യ വാരം മുതല്‍ത്തന്നെ ഐസിയു കിടക്കകള്‍ക്കു ക്ഷാമമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മുന്നറിയിപ്പു നല്‍കിയത്. തമിഴ്‌നാട്ടില്‍ ജൂലൈ ഒന്‍പതോടെ കിടക്കകളും ബെഡുകളും നിറയും. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ രോഗം ബാധിച്ച മഹാരാഷ്ട്രയില്‍ ജൂണ്‍ എട്ട് മുതല്‍ ഐസിയു കിടക്കകളുടെ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് രോഗം ബാധിച്ചത് 10,956 പേരെയാണ്. 396 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 2,97,535 ആയി. 1,41,842 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 8498 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം രോഗികളാകുന്നവരുടെ എണ്ണം പതിനായിരം കടക്കുന്നത്.

Follo us: pathram online latest news

pathram:
Leave a Comment