കോവിഡ് മൃതദേഹങ്ങളില്‍ നിന്ന് പകരുമോ?

കൊച്ചി : കോവിഡ് 19 രോഗബാധിതരായി മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിലുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ സമിതികളെ നിയോഗിക്കണമെന്ന് ഫൊറന്‍സിക് മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ. ഷെര്‍ളി വാസു. ഇതില്‍ പരിശീലനം ലഭിച്ചവരുടെ ഫോണ്‍ നമ്പരുകള്‍ സര്‍ക്കാര്‍ പുറത്തു വിടണം. അവരുടെ പട്ടിക ജില്ലാകലക്ടര്‍മാരുടെ കയ്യിലുണ്ടാവണം. മോര്‍ച്ചറി ജീവനക്കാരായിരിക്കും അതിനു നല്ലത്. 36 വര്‍ഷം മോര്‍ച്ചറിയില്‍ ജോലി ചെയ്തുള്ള പരിചയം വച്ച്, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ മൃതദേഹങ്ങളില്‍നിന്ന് പകരുകയില്ലെന്നും ഡോക്ടര്‍ പറയുന്നു.

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ പലയിടത്തും നടക്കുന്നത് അറിവില്ലായ്മകൊണ്ടാണ്. ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ പോലെയാണ് ആളുകള്‍ പെരുമാറുന്നത്. അതിന്റെ ആവശ്യമില്ല. മോര്‍ച്ചറികളിലും ഐസിയുകളിലും പ്രോട്ടോക്കോള്‍ പാലിച്ചാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ഭീതി വേണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.ശരിയായ രീതിയിലാണു സംസ്‌കാരമെങ്കില്‍ ആശങ്ക വേണ്ട. ബ്ലീച്ച് കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് ബോഡി വാഷ് ചെയ്താല്‍ ഉള്ളില്‍നിന്ന് വൈറസ് പുറത്തേക്കു വരില്ല. എബോള, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗാണുക്കളുടെ കാര്യത്തിലും ഇങ്ങനെയാണ്. അവ പുറത്തേക്കു വരില്ല. മനുഷ്യന്റെ ത്വക്ക് നല്ലൊരു കവചമായി പ്രവര്‍ത്തിക്കും. മൃതദേഹത്തിന് ശ്വസനമില്ലാത്തതിനാല്‍ രോഗാണുവിന് അങ്ങനെയും പുറത്തു വരാന്‍ അവസരമില്ല. അതേസമയം ചില മൃതദേഹങ്ങളില്‍ ലങ്‌സില്‍ നിന്നുള്ള ദ്രവം മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്കു വരാനുള്ള സാധ്യതയുണ്ട്. അത് തടയാന്‍ െ്രെഡ കോട്ടണ്‍ വച്ച് ദ്വാരങ്ങള്‍ അടയ്ക്കുകയാണ് പതിവ്.

അതേസമയം വായിലൂടെ ദ്രവം ഒഴുകുന്നത് തടയുക അത്ര എളുപ്പമല്ല. കോവിഡ് 19 ലങ്‌സിനെയാണ് കാര്യമായി ബാധിക്കുക. എആര്‍ഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രം), അയണ്‍ ലങ് (ശ്വാസകോശം ഇരുമ്പുപോലെ ഉറച്ചു പോകുന്ന അവസ്ഥ) തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണിത് സംഭവിക്കുന്നത്. അതില്‍നിന്ന് ഫ്‌ലൂയിഡുകള്‍ വായിലൂടെയും മൂക്കിലൂടെയും ഒഴുകാം. അങ്ങനെ ഒഴുകിയാല്‍ അതിനെ കവര്‍ ചെയ്തിരിക്കുന്ന പല സ്ഥലങ്ങളിലും വൈറസ് എത്താം. അതുകൊണ്ടാണ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം ബോഡി അടക്കണം എന്നു പറയുന്നത്. പിന്നീട് ആരും അതില്‍ തൊട്ട് രോഗം പകരാന്‍ ഒരു സാധ്യതയും ഉണ്ടാകരുത് എന്നതിനാല്‍. 10 അടി താഴ്ചയില്‍ അടക്കണം, ജനവാസ സ്ഥലം ഒഴിവാക്കി വേണം സംസ്‌കാരം, ബ്ലീച്ച് ഉപയോഗിക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാ ഡബ്ലിയുഎച്ച്ഒ പ്രോട്ടോക്കോളിലുള്ളത്.

10 അടി താഴ്ചയില്‍ കുഴിച്ചിട്ടാല്‍ മണ്ണിലൂടെ രോഗം പടര്‍ന്നതായി എവിടെയും റിപ്പോര്‍ട്ടില്ല. അതുകൊണ്ടുതന്നെ അത്തരത്തില്‍ ഒരു ഭീതിക്ക് അടിസ്ഥാനവുമില്ല. വെള്ളവും കുഴിച്ചിടുന്ന സ്ഥലവുമായി നേരിട്ട് ബന്ധമുള്ള പല സ്ഥലങ്ങളും ലോകത്തുണ്ട്. അവയെ കൂടി പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു കുഴിച്ചിടല്‍ ഡബ്ലിയുഎച്ച്ഒ നിര്‍ദേശിച്ചിരിക്കുന്നത്. അത് ഒരു ഭീതിദ സാഹചര്യത്തില്‍ പറഞ്ഞിട്ടുള്ളതാണ്. അത്ര ഭീതി നിലവില്‍ ഇല്ല. പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, പരിശീലനം ലഭിച്ച മോര്‍ച്ചറി ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിച്ച കോട്ടണ്‍ പാഡ് മുഖത്ത് വച്ച് സംസ്‌കാരം നടത്താം. ഇത് ബന്ധുക്കള്‍ കണ്ടു കഴിഞ്ഞിട്ടാവണം. അല്ലാത്തപക്ഷം കട്ടിയുള്ള എന്തെങ്കിലും മുഖത്തു വച്ചിരിക്കുന്നതു കാണുന്ന ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാം.

എച്ച്‌ഐവി, ഹെപ്പറ്റൈറ്റസ് ബി തുടങ്ങിയ രോഗങ്ങളുടെ അണുക്കള്‍ ഒരു മാസം വരെ മേശയുടെ പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കും. ഇത് കൈകാര്യം ചെയ്ത് പരിചയമുള്ളവരാണ് നമ്മള്‍. അതേസമയം നിപ്പയ്ക്കും കോവിഡിനുമെല്ലാം വളരെ കുറച്ചു സമയത്തേക്കു മാത്രമാണ് ബാധിക്കാനുള്ള ശേഷിയുള്ളത്. ആ സമയം കഴിഞ്ഞു മാത്രം മൃതദേഹം സംസ്‌കാരത്തിന് വിട്ടുനല്‍കിയാല്‍ മതിയാകും. നിലവിലുള്ള സാഹചര്യത്തില്‍ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കും മുമ്പ് കോവിഡ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി വരുന്ന ഒരു സമയമുണ്ട്. രോഗാണു ബോഡിയിലുണ്ടെങ്കിലും വ്യാപിക്കാതിരിക്കാന്‍ ഈ സമയം മതിയാകും.

കൊറോണ വൈറസിന് ലൈവ് ടിഷ്യുവില്‍ മാത്രമേ വൈറസിന് വളരാന്‍ സാധിക്കൂ. ജീവനുള്ള ഒരു സെല്‍ അതിനെ വര്‍ധിപ്പിച്ചു കൊടുത്താല്‍ മാത്രമേ അത് നിലനില്‍ക്കുകയുള്ളൂ. രോഗാണു കുറെ സമയത്തേക്ക് അതില്‍ ഉണ്ടാകും. അതേസമയം രോഗി മരിച്ചു കഴിഞ്ഞാല്‍ വൈറസിന് പെരുകാന്‍ സാധിക്കില്ല. നിശ്ചിത സമയത്തിനു ശേഷം അത് പ്രവര്‍ത്തന രഹിതമാകും. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ബോഡി കൈമാറുന്നതെങ്കില്‍ ഓട്ടോപ്‌സി ചെയ്യാം, കുഴിച്ചിടാം, ബന്ധുക്കള്‍ക്ക് കാണാം.. ഇതെല്ലാം സുരക്ഷിതമാണ്. പക്ഷേ ഡബ്ലിയുഎച്ച്ഒ ഒരു പ്രോട്ടോക്കോള്‍ തന്നിട്ടുള്ളതിനാല്‍ സര്‍ക്കാരുകള്‍ക്ക് അത് നടപ്പാക്കിയേ പറ്റൂ. അത് നല്ലതുമാണ്.

സംസ്‌കാരത്തിന് പ്രോട്ടോക്കോള്‍ പാലിക്കണം. എന്നാല്‍ ജനങ്ങളില്‍ ഭീതി പരത്തി, മൃതദേഹം സംസ്‌കരിക്കുന്നത് എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. ഒരു മൃതദേഹത്തിന്റെ അന്ത്യയാത്ര തടസപ്പെടുത്തിയാലുള്ള ശിക്ഷയാണ് ഇന്ത്യന്‍ പീനല്‍ കോഡിന്റെ അവസാന ഭാഗത്തില്‍ പറയുന്നത്. നല്ലൊരു അന്ത്യയാത്ര ലഭിക്കുക പൗരന്റെ അവകാശമാണ്. അത് തടയുന്നത് ഗൗരവമുള്ള തെറ്റാണ്.
സംശയാസ്പദമായി ഒരു മൃതദേഹം കണ്ടാല്‍ പരസ്യമായ മൃതദേഹ പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും കഴിഞ്ഞ് അനന്തര നടപടികള്‍ക്കായി സുരക്ഷിതമായി ശ്മശാനത്തിലേയ്ക്കുള്ള യാത്രയും വിശ്വാസങ്ങള്‍ പിന്തുടരുന്ന ബന്ധുക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനുള്ള അവസരവുമെല്ലാം ഈ അവകാശത്തില്‍ ഉള്‍പെടുന്നതാണ്. അന്തിമ കര്‍മങ്ങള്‍ക്കായി ഒരാള്‍ ഇല്ലെങ്കില്‍ ഉചിതമായ രീതിയില്‍ സര്‍ക്കാരിന്റെ ചുമതലയില്‍ അതു നിര്‍വഹിക്കണം.

അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. ചിലര്‍ അതിനു തടസമുണ്ടാക്കുന്നത് അറിവില്ലായ്മയോ ഭയമോ കൊണ്ടാണ്. അവരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്.

മൃതദേഹം കൈകാര്യം ചെയ്യുന്ന സ്ഥലമാണ് മോര്‍ച്ചറി. ഇവിടുത്തെ ഡോക്ടര്‍മാരും മറ്റ് ജോലിക്കാരും അതിന് വൈദഗ്ധ്യം ആര്‍ജിച്ചവരാണ്. മരണം കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലെങ്കില്‍ അതിനെ മോര്‍ച്ചറി എന്നു വിളിക്കാനാവില്ല. എത്രയോ കാലമായി ഇന്‍ഫെക്ഷനുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളവരാണ് ഇവിടെയുള്ളത്. തലയോട്ടി തുറക്കുമ്പോള്‍ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലാണ്. എന്നാലും അത് ചെയ്യുന്നുണ്ട്. വൈറല്‍ ഇന്‍ഫെക്ഷനുകള്‍ ആര്‍ക്കും പകര്‍ന്ന് കിട്ടിയിട്ടില്ലെന്നാണ് അനുഭവം. അശ്രദ്ധയോടെ, കയ്യുറ ധരിക്കാതെ, വ്യക്തിശുചിത്വം പാലിക്കാതെ കൈകാര്യം ചെയ്താല്‍ മാത്രമാണ് രോഗം പടരാനുള്ള സാധ്യത. അങ്ങനെയുള്ളവരെ ഒരാളെ ഒരു തരത്തിലും രക്ഷിക്കാനാവില്ല. അറിവാണ് സുരക്ഷ, മാസ്‌കല്ല എന്ന് ഓര്‍ക്കണം. മാസ്‌കോ കയ്യോ എങ്ങനെ ഉപയോഗിക്കണം എന്നത് ഓരോരുത്തരും തീരുമാനിക്കണം. നമ്മുടെ ആത്മവിശ്വാസവും നമുക്കു രോഗം പകര്‍ന്നാല്‍ അത് പ്രിയപ്പെട്ടവര്‍ക്ക് ലഭിച്ചേക്കാം എന്ന ഉത്തരവാദിത്തവും എല്ലാം ഓര്‍മിച്ചാണ് നമ്മള്‍ ഓരോ കാര്യവും ചെയ്യേണ്ടത്.

pathram:
Related Post
Leave a Comment