കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതം ..കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍. പ്രതികളില്‍ ഒരാള്‍ മാത്രമാണ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു. സുഹൃത്തും ഭര്‍ത്താവും ചേര്‍ന്നാണു യുവതിക്ക് മദ്യം നല്‍കിയത്. യുവതിയെ മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോയിട്ടും ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ തുടര്‍ന്നതായും വിവരമുണ്ട്.

കേസിലെ ഏഴു പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഒളിവില്‍ പോയ ചാന്നാങ്കര സ്വദേശി നൗഫലിനെ പൊലീസ് ഞായറാഴ്ച പിടികൂടി. ഭര്‍ത്താവ്, ചാന്നാങ്കര ആറ്റരികത്ത് വീട്ടില്‍ മന്‍സൂര്‍ (30), അക്ബര്‍ഷാ (25), അര്‍ഷാദ് (26), മനോജ് (26) വെട്ടുതുറ സ്വദേശി രാജന്‍(65) എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വലയിലായിരുന്നു.

4 വയസ്സുള്ള കുട്ടിയെ മര്‍ദിച്ചതിന് പോക്‌സോ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. ശരീരത്തില്‍ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉള്‍പ്പെടെ കാര്യമായ പരുക്കുണ്ട്.

അമ്മയെയും തന്നെയും ബലമായി ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയതു മുതല്‍ ഉപദ്രവിച്ച കാര്യം വരെ പറഞ്ഞ് നാലുവയസ്സുകാരന്‍ നല്‍കിയ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരായ ബലമായ കുരുക്കെന്നു പൊലീസ് പറഞ്ഞു. ”അമ്മയെ ഉപദ്രവിക്കുന്നതു തടഞ്ഞപ്പോള്‍ തന്റെ നെഞ്ചത്ത് പിടിച്ച് തള്ളി. നിലത്തു കിടന്നു കരഞ്ഞു ബഹളം വച്ചപ്പോള്‍ മുഖത്ത് അടിച്ചു”. പിഞ്ചുബാലന്‍ പൊലീസിനോടു പറഞ്ഞു. കേസില്‍ മകനെ മുഖ്യ സാക്ഷിയാക്കാനുള്ള നിയമോപദേശം പൊലീസ് തേടി. തെളിവുകളില്‍ ഏറെ നിര്‍ണായകമാണ് അതിക്രമത്തിനു ദൃക്‌സാക്ഷിയായ മകന്റെ മൊഴി.

യുവതിയുടെ ശരീരത്തില്‍ പല്ലും നഖവും ഉപയോഗിച്ചുള്ള മുറിവുകളും മര്‍ദനമേറ്റ പാടുകളുമുണ്ടെന്ന വൈദ്യപരിശോധനാ ഫലവും പീഡനം ശരിവയ്ക്കുന്നതാണെന്നു പൊലീസ് വിലയിരുത്തുന്നു. ഭര്‍ത്താവു പണം വാങ്ങി ഭാര്യയെ സുഹൃത്തുക്കള്‍ക്കു നല്‍കിയതാണോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മൊഴിയില്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

Follow us: pathram online

pathram:
Leave a Comment