ഗുരുവായൂര്‍ ദര്‍ശനം; ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ സമയം അനുവദിക്കും, ഒരേസമയം അഞ്ചുപേര്‍ക്ക് മാത്രം പ്രവേശനം

ഗുരുവായൂര്‍: കോവിഡ് ഗുരുവായൂരില്‍ ഇളവുകള്‍ നിലവില്‍ വരുമ്പോള്‍ ദര്‍ശനം തുടങ്ങുന്നത് സമയക്രമം അനുവദിച്ചു നല്‍കിയ ശേഷം മാത്രം. ഈ മാസം 9 മുതല്‍ നിയന്ത്രണങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ക്കാണ് ദേവസ്വം തയ്യാറെടുക്കുന്നത്. ഇതിനായി ‘തിരുപ്പതി മോഡല്‍’പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുവാനാണ് ആലോചന. കോവിഡ് കാല ഭീതി നിലനില്‍ക്കുന്ന വേളയില്‍ ഗുരുവായൂരിലെത്തുന്നവര്‍ക്ക് വെര്‍ച്ച്വല്‍ ക്യൂ സിസ്റ്റമാണ് പരീക്ഷിക്കുന്നത്.

ഓരോ ഭക്തനും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ സമയം അനുവദിച്ചു നല്‍കും. ഇപ്രകാരം വരുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിനായി കാത്തു നില്‍ക്കേണ്ടി വരില്ലെന്നതിനാല്‍ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ഉപകരിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

5 പേരെ വീതം ദര്‍ശനത്തിന് പ്രവേശിപ്പിക്കാനാണ് നിലവിലെ തീരുമാനമെന്നാണറിയുന്നത്. ഓരോരുത്തര്‍ക്കും 2 മീറ്റര്‍ അകലം കണക്കാക്കിയായിരിക്കും പ്രദക്ഷിണം അനുവദിക്കുക. 10 വയസ്സില്‍ താഴെയും 65 വയസിനും മുകളിലുമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാനാകില്ല. തെര്‍മല്‍ സ്‌ക്കാനര്‍വഴി വൈദ്യസംഘത്തിന്റെ പരിശോധന കഴിഞ്ഞ ശേഷമായിരിക്കും ദര്‍ശനാനുവാദം.

പുതിയ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ ഇപ്പോള്‍ നേരത്തെയടക്കുന്ന ക്ഷേത്ര നട ഉചയ്ക്ക് 1.30 വരെ തുറന്നിടാനും വൈകീട്ട് 5 മുതല്‍ ഒന്നര മണിക്കൂര്‍ ദര്‍ശനം അനുവദിക്കാനും ധാരണയായതായി അറിവായി.ഇതു സംബന്ധിച്ച് വിശദമായ മാര്‍ഗരേഖകള്‍ ഉടനെ പുറത്തിറക്കുമെന്നാണറിയുന്നത്.

സംവിധാനങ്ങള്‍ പരീക്ഷിച്ചു വിജയിച്ചാല്‍ കേരളത്തിലെ തിരക്കുള്ള മറ്റു ക്ഷേത്രങ്ങളിലും ഇതേ മാതൃക പിന്തുടരാനിടയുണ്ടെന്നതിനാല്‍ തുടക്കം മുതലെ അതീവ ശ്രദ്ധയോടെയായിരിക്കും സമീപനങ്ങള്‍ . മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച ഈ സംവിധാനം വിജയകരമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ദേവസ്വം.

FOLLOW US- PATHRAM ONLINE

pathram:
Leave a Comment