രാത്രി പ്രവാസികള്‍ക്ക് ഭക്ഷണമോ സൗകര്യങ്ങളോ നല്‍കാതെ ക്വാറന്റീന്‍ കേന്ദ്രമായ ലോഡ്ജിനു മുന്നില്‍ ഇറക്കി വിട്ടതായി പരാതി

കൊണ്ടോട്ടി : ദുബായില്‍നിന്ന് രാത്രി എത്തിയ പ്രവാസികളെ ഭക്ഷണമോ സൗകര്യങ്ങളോ നല്‍കാതെ ക്വാറന്റീന്‍ കേന്ദ്രമായ ലോഡ്ജിനു മുന്നില്‍ ഇറക്കി വിട്ടതായി പരാതി. ബുധനാഴ്ച രാത്രി 9ന് ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ 25 യാത്രക്കാരെയാണ് കരിപ്പൂരിലെ വിവിധ ക്വാര്‍ട്ടേഴ്‌സ് മുറികള്‍ക്കു മുന്‍പില്‍ ഇറക്കി വിട്ടത്. ഇവര്‍ എത്തുന്ന കാര്യം ലോഡ്ജ് നടത്തിപ്പുകാരെയും അറിയിച്ചിരുന്നില്ല.

കെഎസ്ആര്‍ടിസി ബസില്‍ എത്തിച്ച് ഇറക്കി വിടുകയായിരുന്നെന്ന് പ്രവാസികള്‍ പറഞ്ഞു. മുറിയിലെത്തിയപ്പോള്‍ വാടക ആവശ്യപ്പെട്ടെന്നും ഭക്ഷണമോ കുടിക്കാനുള്ള വെള്ളംപോലുമോ ഉണ്ടായിരുന്നില്ലെന്നും തിരുനാവായ സ്വദേശി മൊയ്തീന്‍ വള്ളിക്കാട് പറഞ്ഞു. പ്രയാസത്തിലായ പ്രവാസികള്‍ പുറത്തിറങ്ങി ഭക്ഷണവും നാട്ടിലേക്കു പോകാന്‍ വാഹനവും അന്വേഷിച്ചതോടെയാണ് പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വിവരമറിഞ്ഞ ടി.വി.ഇബ്രാഹിം എംഎല്‍എയുടെ നിര്‍ദേശപ്രകാരം എംഎല്‍എയുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തകരാണ് രാവിലെ ഇവര്‍ക്ക് ഭക്ഷണം എത്തിച്ചത്. പൊലീസും റവന്യൂ അധികൃതരും ഇടപെട്ട് ഇന്നു രാവിലെ 11 മണിയോടെ പ്രശ്‌നം പരിഹരിച്ചു. മുറി വാടക നല്‍കേണ്ടതില്ലെന്നും ഭക്ഷണവും വെള്ളവും എത്തിക്കാമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചതായി പ്രവാസികള്‍ പറഞ്ഞു.

Follow us on pathram online news

pathram:
Related Post
Leave a Comment