ആശങ്കയോടെ കേരളം; സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി വർധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് 3 പേർ രോഗമുക്തി നേടിയതായും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേർ വിദേശത്തുനിന്നു വന്നവർ. 48 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന്. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. തെലങ്കാന സ്വദേശിയാണ് മരിച്ചത്.

കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും രോഗംപിടിപെട്ടു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടെ പരിശോധന ഫലമാണ് വ്യാഴാഴ്ച നെഗറ്റീവായത്.

526 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 115297 പേർ നിരീക്ഷണത്തിലുണ്ട്. 114305 പേർ വീടുകളിലും 992 പേർ ആളുപത്രികളിലുമാണ്. 210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ 60685 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 58460 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

ഇന്ന് പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസർകോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകൾ, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 82 ആയി ഉയർന്നു.

Follow us on patham online news

pathram desk 2:
Related Post
Leave a Comment