എഴുന്നേറ്റു നിൽക്കാൻ വയ്യാതെ ഉത്ര; എന്നിട്ടും ക്രൂരത തുടർന്നു സൂരജ്

കൊല്ലം: 52 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ചികിത്സയുമായി ബന്ധപ്പെട്ടാണ് ഉത്രയെ മാതാപിതാക്കൾ അഞ്ചൽ ഏറത്തെ വീട്ടിലേക്കു കൊണ്ടു വരുന്നത്. 15 ദിവസം ഐസിയുവിൽ ആയിരുന്നു ഉത്ര. മസിലിനു പാമ്പുകടിയേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തിയ ശേഷമായിരുന്നു ഡിസ്ചാർജ്. വീട്ടിലെത്തിയെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം വീതം ഉത്രയുടെ കാലിലെ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്നത് സൂരജ് ആയിരുന്നു. ഉത്രയുടെ ജീവിതത്തിലെ ആ അവസാന ദിവസവും ഏറെ ദയനീയമായിരുന്നു.

ചികിത്സയെ തുടർന്നു നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഉത്ര. പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിച്ചിരുന്നതു വീട്ടുകാരുടെ സഹായത്തോടെ. പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ഉത്ര വാക്കറിന്റെ സഹായത്താൽ നടന്നു തുടങ്ങിയത് അവളുടെ മരണത്തിന് 2 ദിവസം മുൻപ് 5നാണ്. ആ അവസാന ദിവസവും ഉത്ര വാക്കറിൽ മുറിക്കുള്ളിൽ അൽപം നടന്നിരുന്നു. മകൻ ധ്രുവ് സൂരജിന്റെ അടൂരുള്ള വീട്ടിലായതിനാൽ ദിവസം കൂടുതൽ സമയവും മകനെ വിഡിയോ കോൾ വിളിക്കുന്ന പതിവുണ്ടായിരുന്നു ഉത്രയ്ക്ക്. അന്നും അങ്ങനെ തന്നെ.

വൈകിട്ട് 6 മണിയോടെയാണു സൂരജ് വിവാഹസമ്മാനമായി ഉത്രയുടെ വീട്ടുകാർ നൽകിയ കാറിൽ അഞ്ചലിലെ വീട്ടിൽ എത്തുന്നത്. മേയ് 8നാണു കാലിലെ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി ചെല്ലേണ്ട അവസാന ദിവസം. സാധാരണഗതിയിൽ ഉത്രയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി ആ ദിവസമോ തലേദിവസമോ ആണു സൂരജ് എത്തുന്നത്. എന്നാൽ ഇത്തവണ 2 ദിവസം മുൻപേയെത്തി. വീട്ടിൽ എല്ലാവരും ഭക്ഷണം കഴിച്ച ശേഷം ജ്യൂസും തയാറാക്കി കഴിച്ചു. എന്നാൽ സൂരജ് മാത്രം ജ്യൂസ് കുടിച്ചില്ല. അതു കൂടി ഉത്രയ്ക്കു നൽകുന്നു. പിന്നീട് ഉറങ്ങാൻ പോകുന്നു. ആ രാത്രിയിലാണ് ഉത്രയ്ക്കു പാമ്പുകടിയേൽക്കുന്നത്.

pathram desk 2:
Leave a Comment