പനിയും ശ്വാസതടസവും ചുമയും മാത്രമല്ല കോവിഡ് ലക്ഷണം മണവും രുചിയും നഷ്ടമാകുന്നതും ലക്ഷണങ്ങളാണെന്ന് പഠനം

ലണ്ടന്‍ : പനിയ്ക്കും ശ്വാസതടസത്തിനും ചുമയ്ക്കും പുറമേ മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടനിലെ ഇഎന്‍ടി വിദഗ്ധര്‍. ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയും രോഗത്തിന്റെ ലക്ഷണമായി കണക്കാക്കി ചികില്‍സാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സയന്റിഫിക് അഡൈ്വസര്‍മാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

പുതിയ രോഗലക്ഷണങ്ങള്‍ക്കൂടി ഉറപ്പിച്ചതോടെ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും സര്‍ക്കാര്‍ മാറ്റം വരുത്തി. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ അഞ്ചു വയസിനു മുകളില്‍ പ്രായമുള്ള എല്ലാവരെയും ഉടന്‍ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പാര്‍ലമെന്റില്‍ അറിയിച്ചു.

തിങ്കളാഴ്ച 1,00,678 പേരെയാണ് ബ്രിട്ടനില്‍ രോഗപരിശോധനയ്ക്കു വിധേയരാക്കിയത്. ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും നിലവില്‍ രോഗലക്ഷണമുള്ളവരുണ്ടെങ്കിലും കീ വര്‍ക്കര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് പരിശോധനാ സൗകര്യം ലഭ്യമായിരുന്നത്. കെയര്‍ഹോം റസിഡന്‍സ്, അവിടങ്ങളിലെ സ്റ്റാഫ്, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവരാണ് പരിശോധന ലഭ്യമായിരുന്ന മറ്റു വിഭാഗങ്ങള്‍. അല്ലാത്തവര്‍ക്ക് ആശുപത്രി അഡ്മിഷന്‍ വേണ്ട സാഹചര്യത്തില്‍ മാത്രമായിരുന്നു പരിശോധന. ഇതുമാറ്റി ഇനി മുതല്‍ രോഗലക്ഷണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും പരിശോധനാ സൗകര്യം ഒരുക്കും.

കോവിഡ് ബാധിച്ച് തിങ്കളാഴ്ച 160 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് മരണനിരക്ക് ഇരുന്നൂറില്‍ താഴെ നില്‍ക്കുന്നത്. ഇത് വാരാന്ത്യത്തിലെ കണക്കിലുള്ള പതിവ് കുറവായിരുന്നോ എന്നകാര്യം ചൊവ്വാഴ്ച മാത്രമേ അറിയാന്‍ കഴിയൂ.

സ്‌കോട്ട്‌ലന്‍ഡില്‍ ഈമാസം 28 മുതല്‍ ലോക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാസ് സെര്‍ജന്റ് വ്യക്തമാക്കി. വടക്കന്‍ അയര്‍ലന്‍ഡില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണിന് നേരിയ ഇളവുകള്‍ അനുവദിച്ചു.

pathram:
Related Post
Leave a Comment