ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയ 97 പേർ പണം തിരികെ; ഉടന്‍ തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയ 97 പേർ പണം തിരികെ ആവശ്യപ്പെട്ടു. ഇവരെല്ലാം കൂടി നൽകിയത് 55.18 ലക്ഷം രൂപ. മുഴുവൻ തുകയും തിരികെ നൽകാൻ സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത തുക തിരികെ ചോദിച്ച് ആരും പൊതുവേ എത്താറില്ല.

018 ലെ പ്രളയകാലത്ത് 4900 കോടി രൂപ സർക്കാരിനു ലഭിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഓൺലൈനായി പണമടയ്ക്കാൻ കൂടുതൽ സൗകര്യം ഏർപ്പെടുത്തിയതും അന്നാണ്. പണം ഓൺലൈനായി കൈമാറിയപ്പോൾ വന്ന പിശകാണു ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ആയിപ്പോയതെന്ന് പണം തിരികെ ആവശ്യപ്പെട്ടുള്ള അപേക്ഷകളിൽ പറയുന്നു. തുക രേഖപ്പെടുത്തിയപ്പോൾ ഒരു പൂജ്യം കൂടിപ്പോയെന്നു കാട്ടി ബാക്കി തിരികെ ആവശ്യപ്പെട്ടവരുമുണ്ട്.

2018 ലെ പ്രളയകാലത്ത് രാജ്യത്തെ ഒട്ടേറെ കോടതികൾ പ്രതികളോടു മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്കു പണമടയ്ക്കാൻ നിർദേശിച്ചിരുന്നു. ഇങ്ങനെ പണമടച്ചവർ രസീത് കോടതിയിൽ‌ ഹാജരാക്കിയ ശേഷം തുക തിരികെ വാങ്ങുകയാണെന്ന സംശയവുമുണ്ട്. ആദായ നികുതി കിഴിവു നേടിയ ശേഷം സംഭാവന തിരിച്ചു വാങ്ങാനുള്ള സാധ്യതയുമുണ്ട്. നികുതി കിഴിവ് നേടിയവർ സംഭാവന തിരികെ വാങ്ങിയ വിവരം ഇൗ വർഷത്തെ കണക്കിൽ രേഖപ്പെടുത്തണമെന്ന നിബന്ധനയോടെയാണു സർക്കാർ പണം തിരികെ നൽകുന്നത്. കോവിഡ് ഫണ്ടിലേക്ക് ഇതുവരെ 344 കോടി രൂപ സംഭാവന കിട്ടി.

അപേക്ഷിച്ച 97 പേരിൽ 16 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഹോങ്കോങ്ങിൽ നിന്ന് 90,000 സംഭാവന ചെയ്ത സംഘടനയും പണം തിരികെ ആവശ്യപ്പെട്ടു. പാലക്കാട്ടുകാരനായ കെ.സുന്ദരേശ്വരനാണ് ഏറ്റവും ഉയർന്ന തുക തിരിച്ചു വാങ്ങുന്നത്: 4,95,000 രൂപ.

pathram desk 2:
Related Post
Leave a Comment