രണ്ടുമാസമായി ശമ്പളമില്ലാതെ മുപ്പതോളം മലയാളികളടക്കം 165 ഇന്ത്യക്കാര്‍ ദുരിതത്തില്‍; കൂട്ടത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ്

ദുബായ്: രണ്ടുമാസമായി ശമ്പളമില്ലാതെ മുപ്പതോളം മലയാളികളടക്കം 165 ഇന്ത്യക്കാര്‍ ദുരിതത്തില്‍. കൂട്ടത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദുരിതം ഇരട്ടിയായി. പലരുടേയും പാസ്‌പോര്‍ട്ട് കമ്പനി അധികൃതര്‍ പിടിച്ചുവച്ചിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണിവര്‍. ഇന്ത്യന്‍ അധികൃതര്‍ ഇടപെട്ട് നാട്ടിലേക്കു മടങ്ങാന്‍ അവസരമൊരുക്കണമെന്നാണ് അഭ്യര്‍ഥന.

ദുബായ് ജബല്‍ അലിയിലെ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ മലയാളികളെ കൂടാതെ, തമിഴ് നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഫെബ്രുവരിയിലാണ് ഒടുവില്‍ ശമ്പളം ലഭിച്ചത്. കഴിഞ്ഞമാസം പത്തുവരെ ജോലി ചെയ്തശേഷം ജബല്‍ അലിയിലെ ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു മുറിയില്‍ പത്തും പന്ത്രണ്ടും പേര്‍ താമസിക്കുന്നു. ഇതിനിടെ രണ്ടുപേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അവരെ പ്രത്യേകം മുറിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പലരുടേയും പാസ്‌പോര്‍ട്ട് കമ്പനി അധികൃതരുടെ കൈയ്യിലാണ്. തിരികെ ആവശ്യപ്പെടുമ്പോള്‍ ക്യാംപിലെ അധികൃതര്‍ കൃത്യമായ മറുപടി പോലും നല്‍കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു.

പലര്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും പണമില്ലാത്തതിനാല്‍ പരിശോധനയ്ക്കു പോകാനാകുന്നില്ലെന്നും തൊഴിലാളികളിലൊരാളായ രാജേഷ്.ബി.രാജ് പറഞ്ഞു. ദുബായിലെ സന്നദ്ധസംഘടനകളുടെ സഹായമുള്ളതിനാല്‍ ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, പകര്‍ച്ചവ്യാധിയുടെ കാലത്ത് ഈ ഇടുങ്ങിയ മുറികളില്‍ നിന്നു നാട്ടിലേക്കു മടങ്ങാനായില്ലെങ്കില്‍ ജീവനു ഭീഷണിയാകുമെന്ന ഭയത്തിലാണിവര്‍

pathram:
Leave a Comment