പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ : ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് നാലു വിമാനങ്ങളിലായി ഇന്ന് 708പേര്‍ എത്തും

കൊച്ചി: അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. മൂന്ന് പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒരാളെയും ആശുപത്രിയിലേക്ക് മാറ്റി.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഇന്നു നാലു വിമാനങ്ങളെത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് 5.40ന് നെടുമ്പാശ്ശേരിയിലെത്തും. മസ്‌ക്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് രണ്ടാമത്തെ വിമാനം. വൈകിട്ട് 6.35ന് ആണ് വിമാനമെത്തുന്നത്. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി 8.40നും ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി 8.55നും എത്തും.

നാലു വിമാനങ്ങളിലുമായി 708 യാത്രക്കാരാണു വരുന്നത്. ദുബായിലും അബുദാബിയിലും തെര്‍മല്‍ സ്‌കാനിങ്ങും റാപ്പിഡ് ടെസ്റ്റും നടത്തിയശേഷമാണ് യാത്രാനുമതി നല്‍കുന്നത്. മസ്‌ക്കറ്റില്‍ തെര്‍മല്‍ സ്‌കാനിങ് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുത്തവര്‍ക്കു ടിക്കറ്റ് നല്‍കിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിലെ ആദ്യവിമാനം ദുബായില്‍നിന്ന് ശനിയാഴ്ച വൈകിട്ട് 6.20ന് കൊച്ചിയില്‍ എത്തി. 75 ഗര്‍ഭിണികളും മെഡിക്കല്‍ എമര്‍ജന്‍സിയിലെത്തിയ 35 പേരും ഉള്‍പ്പെടെ 181 യാത്രക്കാരുണ്ടായിരുന്നു.

pathram:
Related Post
Leave a Comment