ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍

ന്യുഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്‌കരിക്കാന്‍ ശ്രമിച്ച 30കാരിയും കാമുകനുമാണ് പിടിയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരമാണ് എല്ലാം പൊളിച്ചത്. സംസ്‌കാരത്തിനു തൊട്ടുമുന്‍പ് എത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് യുവതിയെ ചോദ്യം ചെയ്തതും കള്ളിപുറത്തായതും.

കഴിഞ്ഞയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം നടന്നത്. ചെറുകിട കച്ചവടക്കാരനായ ശരത് ദാസ് (46) ആണ് മരിച്ചത്. ഭാര്യ അനിതയാണ് പിടിയിലായവരില്‍ ഒരാള്‍. മേയ് രണ്ടിന് രാവിലെ എഴുന്നേറ്റപ്പോള്‍ ശരത് ദാസ് അനക്കമില്ലാതെ കിടക്കുകയാണെന്ന് അനിത അയല്‍ക്കാരോട് പറഞ്ഞു. കൊവിഡ് ബാധിച്ചാണ് മരിച്ചതെന്നും ഇവര്‍ അയല്‍ക്കാരെ അറിയിച്ചു. ഇതോടെ ഭയാശങ്കയിലായ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി അനിതയോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും മൊഴിയില്‍ വൈരുദ്ധ്യം കണ്ടതോടെ സംശയമായി. കൊവിഡ് പരിശോധനയുടെ ഫലം ചോദിച്ചെങ്കിലും നല്‍കാന്‍ അനിതയ്ക്ക് കഴിഞ്ഞില്ല. ഇതോടെ പോലീസ് സംസ്‌കാരം തടയുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു.

പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച പ്രാഥമിക സൂചനകള്‍ വച്ച് അനിതയെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവന്നു. സഞ്ജയ് എന്നയാളുമായി തനിക്കുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ ഇരുവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റസമ്മതം നടത്തി. മേയ് ഒന്നിന് ഭര്‍ത്താവ് ഉറങ്ങിയതോടെ കാമുകനെ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular