സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ രോഗ മുക്തരായി..ചികിത്സയിലുള്ളത് 100 താഴെ പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ രോഗ മുക്തരായി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ഞൂറിനു തൊട്ടടുത്തെത്തിയിരുന്നുവെങ്കിലും, ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം നൂറില്‍ താഴെയാണ്. രോഗം ബാധിച്ചവരില്‍ 80% പേരും രോഗമുക്തരായി. ഇന്നലെ 8 പേര്‍ കൂടി രോഗമുക്തരായി.

കണ്ണൂര്‍ (6), ഇടുക്കി (2) ജില്ലകളിലാണിത്. ഇതുവരെ മൊത്തം 499 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 96 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. 400 പേര്‍ രോഗമുക്തരായി. നിലവില്‍ 21,894 പേരാണു നിരീക്ഷണത്തില്‍. ഇതില്‍ 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രിയിലുമാണ്. 80 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയ്ക്ക് അയച്ച 31,183 സാംപിളുകളില്‍ 30,358 എണ്ണത്തിലും രോഗബാധയില്ല. മുന്‍ഗണന ഗ്രൂപ്പില്‍ 2093 സാംപിളുകള്‍ അയച്ചതില്‍ 1234 എണ്ണം നെഗറ്റീവായി. ഹോട്‌സ്‌പോട്ടുകള്‍ 80 ആയി തുടരുന്നു. കണ്ണൂരില്‍ 23, ഇടുക്കിയിലും കോട്ടയത്തും 11 വീതം എന്നിങ്ങനെയാണു ഹോട്‌സ്‌പോട്ടുകള്‍. കോട്ടയത്തു 18 പേര്‍ ചികിത്സയിലുള്ളതില്‍ ഒരാള്‍ ഇടുക്കിക്കാരനാണ്. കൊല്ലത്തും ഇടുക്കിയിലും 12 പേര്‍ വീതം ചികിത്സയിലുണ്ട്‌

pathram:
Leave a Comment