കൊറോണ: വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയിച്ചു; മനുഷ്യരിലും പരീക്ഷണം തുടങ്ങി

ബെയ്ജിങ്: നോവല്‍ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം ആദ്യമായി മൃഗങ്ങളില്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്. റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെയാണ് ഇവയില്‍ വാക്‌സിനുകള്‍ വിജയം കണ്ടെതെന്നാണ് ചൈനയില്‍ നിന്നുള്ള ലാബ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ടു ലക്ഷത്തോളം പേരുടെ ജീവനെടുത്ത മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകമെമ്പാടും വിവിധ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് ചൈനയിന്‍ നടത്തിയ പരീക്ഷണം മൃഗങ്ങളില്‍ വിജയം കണ്ടു എന്ന റിപ്പോര്‍ട്ടു പുറത്തുവരുന്നത്. കുരങ്ങുകളില്‍ വിജയം കണ്ടതോടെ ഇത് മനുഷ്യരിലും പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനോവാക് ബയോടെക് ആണ് പരീക്ഷണത്തിനു പിന്നില്‍. രണ്ട് വ്യത്യസ്ത അളവുകളില്‍ വാക്‌സിന്‍ എട്ടു റിസസ് മാക്വേക്യൂ കുരങ്ങുകളില്‍ കുത്തിവച്ചു. വാക്‌സിന്‍ നല്‍കി മൂന്നാഴ്ചയ്ക്കു ശേഷം കൊവിഡിനു കാരണമായ സാര്‍സ് കോവ് 2 വൈറസുകളെ കുരങ്ങുകളുടെ ശ്വാസനാളത്തിലെ ട്യൂബുകളിലൂടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. ദിവസങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ വാക്‌സിന്‍ നല്‍കിയ കുരങ്ങുകളില്‍ വൈറസിന്റെ സാന്നിധ്യമോ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്താനായില്ല. ഇതിലൂടെ പരീക്ഷണം വിജയകരമാണെന്ന അന്തിമ ഫലത്തിലേക്ക് എത്തുകയായിരുന്നു.

എട്ടു കുരങ്ങുകളില്‍ നാലെണ്ണത്തിനു കൂടിയ അളവിലും നാലെണ്ണത്തിന് ചെറിയ തോതിലുമാണ് വാക്‌സിന്‍ നല്‍കിയത്. കൂടുതല്‍ അളവില്‍ വാക്‌സിന്‍ നല്‍കിയ നാലു കുരങ്ങുകളിലാണ് മികച്ച ഫലം കണ്ടെത്താനായത്. വൈറസുകള്‍ കുത്തിവച്ച് ഏഴു ദിവസത്തിനു ശേഷവും ഇവരുടെ ശ്വാസകോശത്തിലോ കണ്ഠനാളത്തിലോ വൈറസിന്റെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. കുറഞ്ഞ അളവില്‍ വാക്‌സിന്‍ നല്‍കിയ കുരങ്ങുകള്‍ ചെറിയ തോതില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അണുബാധ നിയന്ത്രിക്കാനായി എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വാക്‌സിന്‍ നല്‍കാത്ത നാലു കുരങ്ങുകള്‍ക്ക് വൈറസില്‍ നിന്ന് രോഗബാധയും കടുത്ത ന്യുമോണിയയും ഉണ്ടായി.

ഈ പരീക്ഷണ ഫലങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും മനുഷ്യനിലും ഇത് വിജയം കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സിനോവാക് സീനിയര്‍ ഡയറക്ടര്‍ മെങ് വെയ്‌നിങ് പറഞ്ഞു. ഏപ്രില്‍ 19നാണ് സിനോവാക് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് അതായത് ഏപ്രില്‍ 16ന് വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു.

എന്നാല്‍ പരീക്ഷണത്തിന് ഉപയോഗിച്ച കുരങ്ങുകളുടെ എണ്ണം കുറവായതിനാല്‍ ഇത് പൂര്‍ണ വിജയമായി കാണാന്‍ സാധിക്കില്ലെന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. വൈറസുകള്‍ കുരങ്ങുകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ മനുഷ്യരിലേക്കാള്‍ വളരെ കുറവാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

അതുപോലെ മനുഷ്യ ശരീരത്തില്‍ സാര്‍സ് കോവ് 2 ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ മൃഗങ്ങളില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കടുത്തതാണെന്നും വാദമുണ്ട്. മാത്രമല്ല ഭാഗികമായി സുരക്ഷിതത്വം നല്‍കുന്നു എന്നതും ആശങ്ക ഉളവാക്കുന്നുണ്ടെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. നേരത്തെ ഇത്തരത്തില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി അവയില്‍ ശ്വാസകോശ പ്രശ്‌നങ്ങളും മറ്റും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് സിനോവാക് പറയുന്നത്. സാര്‍സ് കോവ് 2 വൈറസുകളെ കുറിച്ച് പഠിക്കാന്‍ ഏറ്റവും നല്ല മൃഗമോഡലാണ് ഇതെന്ന് സിനോവാക് പ്രബന്ധത്തില്‍ വിശദീകരിക്കുന്നു. വാക്‌സിന്‍ നല്‍കാത്ത കുരങ്ങുകളില്‍ കോവിഡിനു സമാനമായ ലക്ഷണങ്ങള്‍ കാണിച്ചതായി പറയുന്നത് ഈ പരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകളെ തള്ളിക്കളയുവാനും പ്രേരിപ്പിക്കുന്നു.

കുരങ്ങുകളില!െ പരീക്ഷണം വിജയിച്ചതിനു പിന്നാലെ ജിയാങ്‌സു പ്രവിശ്യയില്‍ സാന്‍വാക് ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. 144 വോളന്റിയര്‍മാരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. കൂടുതല്‍ അളവിലും കുറഞ്ഞ അളവിലും തുല്യമായി വാക്‌സിനുകള്‍ കുത്തിവയ്ക്കും. ആയിരത്തിലധികം ആളുകളെ ഉള്‍പ്പെടുത്തിയുള്ള രണ്ടാംഘട്ട പരീക്ഷണം മേയ് പകുതിയോടെ ആരംഭിക്കും.

ഇതു വിജയം കാണുകയാണെങ്കില്‍ വന്‍ തോതിലുള്ള പരീക്ഷണത്തിലേക്കു കടക്കുമെന്നാണ് സിനോവാക് അറിയിച്ചത്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് രാജ്യന്തര തലത്തിലേക്ക് വാക്‌സിന്‍ പരീക്ഷണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ചൈനയില്‍ വൈറസ് വ്യാപനം കുറഞ്ഞതിനാല്‍ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളായ മറ്റു രാജ്യങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കാനാണ് സിനോവാക് ശ്രമിക്കുന്നത്‌

pathram:
Leave a Comment