നിലപാടില്‍ ഉറച്ച് ശ്രീനിവാസന്‍; ലേഖനം തിരുത്തില്ല

കൊറോണയെ അടിസ്ഥാനപ്പെടുത്തി നടന്‍ ശ്രീനിവാസന്‍ എഴുതിയ ലേഖനത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കോവിഡിന് വൈറ്റമിന്‍ സി പ്രതിവിധിയാണെന്നുള്ള തരത്തിലായിരുന്നു ശ്രീനിവാസന്റെ കുറിപ്പ്. ‘പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം വിറ്റാമിന്‍ സി കോവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്, എന്നാല്‍ ഇത് എതിര്‍ക്കുന്ന അമേരിക്കക്കൊപ്പമാണ് ലോകാരോഗ്യ സംഘടനയെന്നുമാണ്’ ശ്രീനിവാസന്‍ ലേഖനത്തില്‍ കുറിച്ചിരുന്നത്. ഡോക്ടര്‍മാര്‍ അടക്കമുള്ളവരാണ് ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

അലോപ്പതിയെ കുറ്റം പറഞ്ഞ ശ്രീനിവാസന്‍ എന്തിന് മുന്തിയ ആശുപത്രികളില്‍ പോയി ചികിത്സ തേടി എന്ന ഡോ. പി.എസ് ജിനേഷ് ചോദ്യമുന്നയിച്ചു. കൂടാതെ മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്നുള്ള പ്രസ്തവനയ്‌ക്കെതിരേയും ഡോക്ടര്‍മാര്‍ ശക്തമായി പ്രതികരിച്ചു. ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാണ് താന്‍ പോയതെന്നും ഇനിയും പോകുമെന്നുമാണ് താരത്തിന്റെ മറുപടി.

ഈ സാഹചര്യത്തില്‍ ശ്രീനിവാസന്റെ ലേഖനം സാമൂഹിക ദ്രോഹമാണെന്നും ലോകാരോഗ്യ സംഘടന അസുഖ വ്യാപനം പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചനാസിദ്ധാന്തമാണ് മുന്നോട്ടുവയ്ക്കുന്നതെന്നുമായിരുന്നു ഡോ. പി. എസ് ജിനേഷ് പറഞ്ഞത്. എന്നാല്‍, തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ വിലയിരുത്തലുകളെ താന്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അലോപ്പതി മരുന്നുകള്‍ക്ക് പൂര്‍ണമായും രോഗങ്ങളെ ഭേദപ്പെടുത്താനാവില്ല, മാത്രമല്ല പാര്‍ശ്വഫലങ്ങളും ഉണ്ടാകുമെന്നും, ഇതില്‍ മനം മടുത്താണ് അലോപ്പതി ഡോക്ടറായിരുന്ന സാമുവല്‍ ഹനിമാന്‍ ഹോമിയോപ്പതി കണ്ടുപിടിച്ചതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

pathram:
Leave a Comment