ഒന്നരവയസുകാരിയ്ക്ക് കണ്ണില്‍ കാന്‍സര്‍; ചികിത്സയ്ക്ക് വഴിയൊരുക്കി മുഖ്യമന്ത്രി..ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരാബാദിലേക്ക്

തിരുവനന്തപുരം : സര്‍ക്കാറിന്റെ കരുതല്‍ ഒന്നരവയസുകാരിക്കും മാതാപിതാക്കള്‍ക്കും തുണയായി.കണ്ണിലെ കാന്‍സര്‍ ചികിത്സയ്ക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരാബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി.പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ ആരംഭിക്കും. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇടപെട്ടതോടെയാണു ചികിത്സയ്ക്ക് വഴിയൊരുങ്ങിയത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി അറിയിച്ചു,

ലോക്ഡൗണ്‍ കാലമായതിനാല്‍ വളരെയേറെ ബുദ്ധിമുട്ടിയാണ് കുഞ്ഞിനെയും മാതാപിതാക്കളെയും ഹൈദരാബാദിലെത്തിക്കാന്‍ സംവിധാനമൊരുക്കിയത്. കേരള സാമൂഹ്യ സുരക്ഷാ മിഷനാണു യാത്രാസൗകര്യം ഏര്‍പ്പെടുത്തിയത്. യാത്ര അനുമതിയും ആംബുലന്‍സ് കടന്നു പോകുന്ന മറ്റ് സംസ്ഥാനക്കള്‍ക്കുള്ള നിര്‍ദേശവും പൊലീസ് ആസ്ഥാനത്ത് നിന്നു നല്‍കിയിരുന്നു. ചേര്‍ത്തലയില്‍ നിന്നു രാവിലെ യാത്ര തിരിച്ച ആംബുലന്‍സ് രാത്രി പതിനൊന്നോടെ ഹൈദരാബാദിലെത്തും. സാമൂഹ്യ സുരക്ഷാ മിഷന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി രക്ഷിതാക്കള്‍ക്ക് യാത്രാചെലവിനു ആവശ്യമായ തുക കൈമാറി.

pathram:
Leave a Comment