കൊറോണ പ്രതിരോധം: ഒരു ലക്ഷത്തിലധികം കിടക്കകൾ ഒരുക്കുന്നു


കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് കെട്ടിട വിഭാഗം 14 ജില്ലകളിലായി ‘ലക്ഷം കിടക്ക സൗകര്യം’ സജ്ജമാക്കൽ പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
കേരളത്തിലാകെ 1,07,928 ബെഡിനുള്ള സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് ബാത്ത്റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകൾ സജ്ജമാക്കി കഴിഞ്ഞു. സ്ഥല സൗകര്യം കണ്ടെത്തിയതിൽ ഇനി 30,830 ബെഡുകളാണ് സജ്ജമാക്കാനുള്ളത്. 15 ദിവസം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ മികച്ച നേട്ടമുണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ആലപ്പുഴ ജില്ലയിൽ മുൻകരുതൽ എന്ന നിലയിൽ കൊറോണ ബാധയുടെ ചികിത്സതേടിയും സംശയനിവാരണത്തിനും വരുന്നവർക്കായി ആകെ അയ്യായിരത്തോളം ബെഡുകളാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കുന്നത്. അതിൽ രണ്ടായിരത്തോളം കിടക്ക സൗകര്യമാണ് ഐസൊലേഷൻ വാർഡ് തയ്യാറാക്കുന്നതിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, മറ്റ് ഗവ: ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ തുടങ്ങിയ ആശുപത്രികളിലായി സൗകര്യം ഒരുക്കിയിട്ടുള്ളത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സെഞ്ചുറി ഹോസ്പിറ്റൽ, കായംകുളം എൽമെക്‌സ് ഹോസ്പിറ്റൽ, ക്രിസ്റ്റോസ് ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ സ്വകാര്യ ആശുപത്രികളിലും പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലും കിടക്ക സൗകര്യം ചെയ്യുന്നതിനായി പൊതുമരാമത്ത് കെട്ടിട വിഭാഗം പൂർണ്ണമായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ ജില്ലയിലെ വിവിധ എയ്ഡഡ്/അൺഎയ്ഡഡ് കോളേജുകളിലെ ഹോസ്റ്റലുകൾ, ഹാളുകൾ തുടങ്ങിയവയെല്ലാം ചേർത്താണ് ജില്ലയിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം ബാക്കി 3000 ബെഡുകൾക്ക് കൂടിയുള്ള സൗകര്യം കണ്ടെത്തിയിട്ടുള്ളത്.

pathram desk 2:
Related Post
Leave a Comment