തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി കുടിക്കൂ… യു. പ്രതിഭ എംഎല്‍എ

മാധ്യമങ്ങള്‍ക്കെതിരെ ക്ഷോഭിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും പ്രദേശിക ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്.

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കാനുമാണ് എം എല്‍ എ യുടെ പരിഹാസം. ആണായാലും പെണ്ണായാലും ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, എന്നാണ് ഫേസ് ബുക്കിലിട്ട വീഡിയോയില്‍ എംഎല്‍എ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു പ്രതിഭ എംഎല്‍എ എന്നായിരുന്നു പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാക്കളുടെ വിമര്‍ശനം. കൊവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്ന് ആ വിമര്‍ശനത്തോട് യു പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളില്‍ നിറഞ്ഞ തര്‍ക്കം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് യു പ്രതിഭ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത് .

കൊവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞാല്‍ വാവ സുരേഷിനെ വിളിച് ചില വിഷപാമ്പുകളെ മാളത്തില്‍ നിന്ന് ഇറക്കാനുണ്ടെന്നു ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം യു പ്രതിഭ എംഎല്‍എ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട സമയത്ത് എംഎല്‍എഓഫീസ് പൂട്ടി യു പ്രതിഭ വീട്ടില്‍ ഇരിക്കുകയാണെന്നു കായംകുളത്തെ ഡിവൈഎഫ്‌ഐ നേതാക്കളും വിമര്‍ശിച്ചിരുന്നു. ഈ സംഭവങ്ങള്‍ വാര്‍ത്തയായതിന്റെ ജാള്യതയിലാണ് സ്ത്രീത്വത്തെ അപമാനിക്കും വിധം വിവാദ പരാമര്‍ശവുമായി പ്രതിഭ രംഗത്ത് വന്നത്. ഈ വിഷയത്തില്‍ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വ വും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്.

pathram:
Related Post
Leave a Comment