പ്രധാനമന്ത്രി പറഞ്ഞത് വിഡ്ഢിത്തം

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഭവനമന്ത്രി ജിതേന്ദ്ര അവ്ഹാദ്. പ്രധാനമന്ത്രിയുടെ ആഹ്വാനം വിഡ്ഢിത്തവും കുട്ടിത്തവുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് പ്രതീക്ഷിച്ചു. ലോക്ക്ഡൗണിലും കൊറോണയിലും വലയുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചു.

എന്നാല്‍, അദ്ദേഹം നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ ആഹ്വാനം വിഡ്ഢിത്തവും അപക്വവുമാണ്. ഈ സമയത്ത് എങ്ങനെ ഇക്കാര്യം പറയാന്‍ സാധിക്കുന്നു. ഞാന്‍ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ്. മെഴുക് തിരിക്കും എണ്ണക്കും പണം ചെലവാക്കുന്നതിന് പകരം അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ഞാന്‍ പണം ചെലവാക്കും. ഞായറാഴ്ച അദ്ദേഹത്തിന്റെ ആഹ്വാനം താന്‍ അനുസരിക്കില്ല. ഒരു തിരി പൊലും തെളിയിക്കില്ല. എന്‍സിപി നേതാവ് പറഞ്ഞു.

അവശ്യസാധനങ്ങള്‍ ഉറപ്പ് വരുത്തുമെന്നും മാസ്‌ക്, സാനിറ്റൈസര്‍, മരുന്നുകള്‍, ടെസ്റ്റിംഗ് കിറ്റ് എന്നിവ ഉറപ്പുവരുത്തുമെന്നുമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതൊന്നുമുണ്ടായില്ലെന്നും ജിതേന്ദ്ര കുറ്റപ്പെടുത്തി. ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രധാനമന്ത്രിയുടെ ആഹ്വനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. കൊറോണയെ നേരിടാന്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ലൈറ്റെല്ലാം അണച്ച് എല്ലാവരും വീടുകളില്‍ ടോര്‍ച്ച് തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

അതേസമയം രാജ്യമെമ്പാടും ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ രൂക്ഷഭാഷയില്‍ പരിഹസിച്ച് ശിവസേന എംപി സജ്ഞയ് റാവത്ത് രംഗത്തെത്തി. ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു എംപിയുടെ പരിഹാസ വാക്കുകള്‍.

‘കൈയടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റോഡില്‍ കൂട്ടം കൂടി നിന്ന് എല്ലാവരും ഡ്രം കൊട്ടി. ഇപ്പോള്‍ അവര്‍ സ്വന്തം വീടുകള്‍ കത്തിക്കാതിരിക്കട്ടെ എന്നാണ് എന്റെ പ്രതീക്ഷ. ദീപം തെളിയിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഞങ്ങളോട് പറയുക.’ സജ്ഞയ് റാവത്ത് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച വേളയില്‍ ജനങ്ങള്‍ വീടിന്റെ ബാല്‍ക്കണിയില്‍ കയറി നിന്ന് കയ്യടിച്ചോ പാത്രങ്ങള്‍ കൊട്ടിയോ മണിയടിച്ചോ ആരോഗ്യ പ്രവര്‍ത്തകരോടുള്ള ബഹുമാനം പ്രകടിപ്പിക്കണമെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ അന്നേ ദിവസം ജനങ്ങള്‍ റോഡുകളില്‍ കൂട്ടം കൂടി ഡ്രം അടിക്കുന്നതും ജാഥ നടത്തുന്നതുമാണ് കാണാന്‍ സാധിച്ചത്.

pathram:
Related Post
Leave a Comment