ഉടനടി രാജ്യം മുഴുവന്‍ ലോക്ഡൗണ്‍; ഇന്ത്യന്‍ നടപടിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വ്യാപനം തടയാന്‍ വൈറസ് എത്തിയ ഉടന്‍തന്നെ രാജ്യവ്യാപക ലോക്ഡൗണ്‍ നടപ്പാക്കിയ ഇന്ത്യയുടെ നടപടിയെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. വൈറസിനെ ചെറുക്കുന്നതില്‍ കാലതാമസം വരുത്തിയതിന്റെ ഉദാഹരണമാണ് അമേരിക്കയും ഇറ്റലിയും ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധി ഡോ. ഡേവിഡ് നബ്ബാരോ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. എത്രവേഗത്തില്‍ നമ്മള്‍ പ്രതികരിക്കുന്നോ അത്രത്തോളം വേഗത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു രോഗമാണ് കോവിഡ്19 എന്നും ഡോ. നബ്ബാരോ പറഞ്ഞു.

മുന്‍പും ഇത്തരം കാര്യങ്ങളില്‍ ഇന്ത്യ മാതൃകയായിട്ടുണ്ട്. വിവരങ്ങള്‍ പഞ്ചായത്ത് തലം വരെ വിവിധ വിഭാഗങ്ങളില്‍ എത്തിക്കാനുള്ള വിനിമയശൃംഖല ഏറെ ഫലപ്രദമാണ്. എന്തൊക്കെ ചെയ്യണമെന്ന് അമിതാഭ് ബച്ചന്‍ വരെ പരസ്യങ്ങളില്‍ പറയുന്നത് ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

ഹോട്‌സ്‌പോട്‌സ് എവിടെയൊക്കെയാണെന്നു തിരിച്ചറിഞ്ഞ ശേഷം ലോക്ഡൗണ്‍ 21 ദിവസത്തില്‍ കൂടുതല്‍ നീട്ടണോ എന്ന കാര്യം സര്‍ക്കാരിനു തീരുമാനിക്കാന്‍ കഴിയും. കൃത്യമായ വിശകലനത്തിനു ശേഷം ചിലയിടങ്ങളില്‍ മാത്രമായി ലോക്ഡൗണ്‍ ചുരുക്കാനും മറ്റിടങ്ങളില്‍ ഇളവ് അനുവദിക്കാനും തീരുമാനിക്കാം.

രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ മൂടിവച്ചുവെന്ന ആരോപണം നേരിടുന്ന ചൈനയെ ഡബ്ല്യൂഎച്ചഒ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഇപ്പോള്‍ അതിനുള്ള സമയം അല്ലെന്നായിരുന്നു ഡോ. നബ്ബാരോയുടെ മറുപടി.

pathram:
Leave a Comment