കൊറോണ മരുന്നുമായി ഓസ്‌ട്രേലിയ ; വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചു

കാന്‍ബറ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി.

ഓസ്‌ട്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. പരീക്ഷണത്തിന്റെ പൂര്‍ണ ഫലം ലഭിക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആദ്യഘട്ട ഫലം ജൂണ്‍ മാസത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. മൃഗങ്ങളിലുള്ള പരീക്ഷണത്തിനു ശേഷം മനുഷ്യരില്‍ പരീക്ഷിക്കും. പരീക്ഷണം വിജയകരമായാല്‍ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാന്‍ 12-18 മാസമെങ്കിലും വേണ്ടിവരും.

ഓസ്‌ട്രേലിയയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള ഗവേഷകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കണ്ടെത്തലെന്ന് സിഎസ്‌ഐആര്‍ഒ മേധാവി ലാറി മാര്‍ഷല്‍ പറഞ്ഞു. കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നിര്‍ണായകമായിരിക്കും ഈ വാക്‌സിനുകളുടെ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

pathram:
Leave a Comment