ഇന്ത്യയില്‍ കൊറോണ മരണം 50 ആയി; തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്…

കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും കൂടുന്നു. ഇന്ത്യയിലെ 50ാമത്തെ മരണം ഇന്ന് സ്ഥിരീകരിച്ചു. ഇതില്‍ 12 മരണങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംഭവിച്ചതാണ്. രാജ്യത്താകമാനം ഇതുവരെ 1965 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 328 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ച പുതിയ കേസുകളാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടതു പ്രകാരമുള്ള കണക്കാണിത്. രോഗം സ്ഥിരീകരിച്ച 150 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 1764 പേരാണ് രാജ്യത്ത് രോഗബാധിതരായുള്ളത്.

തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 110 പേരില്‍ തമിഴ്‌നാട്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ഇതുവരെ 234 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം പുതിയ 86 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 338 പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു.ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 13 പേര്‍ കോവിഡ് ബാധയേറ്റ് മരിച്ചു. 42 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയിലും ഒറ്റ ദിവസം 55 പുതിയ കേസുകളാണുണ്ടായത്. ആന്ധ്രപ്രദേശില്‍ 46ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ഇതുവരെ 152 കോവിഡ് കേസുകള്‍ രാജ്യതലസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളത്തില്‍ 265 കോവിഡ് രോഗികളാണ് നിലവിലുള്ളത്. രണ്ട് പേര്‍ മരണപ്പെടുകയും 25 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. തെലങ്കാന(9), ഗുജറാത്ത്, പശ്ചിമബംഗാള്‍, മധ്യപ്രദേശ്(6 വീതം), കര്‍ണാടക(5), ഡല്‍ഹി, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, കേരളം(രണ്ട് വീതം) തമിഴ്‌നാട്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്(ഒന്നു വീതം) എന്നിങ്ങനെ പോകുന്നു ഓരോ സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം. ബുധനാഴ്ച രാത്രി വരെയുള്ള കണക്കാണിത്. വ്യാഴാഴ്ച ഇതുവരെ തെലങ്കാനയില്‍ മൂന്നും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നവിടങ്ങളില്‍ ഓരോ മരണം വീതവും രേഖപ്പെടുത്തി.

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തോടനുബന്ധിച്ചാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തബ്‌ലീഗുമായി ബന്ധപ്പെട്ട് 130 പേര്‍ക്ക് കൊറോണ രാജ്യത്താകമാനം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര്‍ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 9000 പേര്‍ സര്‍ക്കാരിന്റെ കോവിഡ് ഹൈറിസ്‌ക് പട്ടികയില്‍ പെടുത്തി.

ഡല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 1800 പേരെ ക്വാറന്റൈനിലാക്കി. ഒമ്പത് ക്വാറന്റൈന്‍ സെന്ററുകളിലും ആശുപത്രികളിലുമാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. തീവണ്ടി ബോഗികള്‍ പരിഷ്‌കരിച്ച് 3.2ലക്ഷം ക്വാറന്റൈന്‍ ബെഡ്ഡ് സൗകര്യങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നുണ്ട്. അതിനായി 20,000 കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡാക്കുന്നത്. 5000 കോച്ചുകളുടെ പരിവര്‍ത്തന പ്രക്രിയ ഇതിനോടകം ആരംഭിച്ചു. മരുന്നുകള്‍, ടെസ്റ്റിങ് കിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള 15 ടണ്‍ മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ കഴിഞ്ഞ ദിവസം വ്യോമമാര്‍ഗം വിവിധ സ്ഥലങ്ങളില്‍ എത്തിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment