ഏപ്രില്‍ ആദ്യവാരത്തോടെ കോവിഡില്‍നിന്ന് മുക്തമാകും: തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന ഏപ്രില്‍ ആദ്യവാരത്തോടെ കൊവിഡ് 19ല്‍ നിന്ന് പൂര്‍ണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വിഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളോടാണ് ഇക്കാര്യം ചന്ദ്രശേഖര റാവു പങ്കുവച്ചത്. 70 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ അസുഖം മാറിയ 11 പേര്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഉള്ള ആളുകളുടെ പ്രവേശനം തടഞ്ഞിരിക്കുന്നതിനാല്‍ സംസ്ഥാനം കൊറോണമുക്തമാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

കാല്‍ ലക്ഷത്തില്‍ അധികം പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ ഇവരിലാരും രോഗ ലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിക്കുന്നില്ല. ഏപ്രില്‍ ആദ്യ വാരത്തോട് കൂടി നിരീക്ഷണത്തിലിരിക്കുന്നവരുടെ എല്ലാം നിരീക്ഷണ സമയം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറയുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ ക്വാറന്റയിനിലുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരും നിരീക്ഷണത്തിലുണ്ട്.

ഇപ്പോള്‍ 58 പേരാണ് ചികിത്സയിലുള്ളത്. രോഗബാധ മൂലം മരിച്ച എഴുപത്താറുകാരന് മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏപ്രില്‍ ഏഴോടെ ചികിത്സയില്‍ കഴിയുന്ന എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവാകുമെന്നും ചന്ദ്രശേഖര റാവു. ഇപ്പോള്‍ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് താമസഭക്ഷണ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങളാണ് തെലുങ്കാന നടപ്പിലാക്കിയത്. സഹകരണമില്ലെങ്കില്‍ സൈന്യത്തെ വിളിക്കുമെന്ന് ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചിരുന്നു. നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളെ കണ്ടാല്‍ വെടിവയ്ക്കാന്‍ ഉത്തരവ് കൊടുക്കേണ്ടി വരുമെന്നും അത് ചെയ്യിപ്പിക്കരുതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയാന്‍ തയാറാകാത്തവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ഇന്നും ഇന്നലെയും ആയി നിരവധി പേരാണ് സംസ്ഥാനത്ത് നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയത്. കൂടാതെ ജനപ്രതിനിധികളോടും ലോക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് പൊലീസിനെ സഹായിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

pathram:
Leave a Comment