കൊറോണ: മാറ്റിവച്ച ഒളിംപിക്‌സ് 2021 ല്‍ നടത്താന്‍ തീരുമാനം

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച ഒളിംപിക്‌സ് 2021ല്‍ നടത്താന് തീരുമാനം. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടത്താണ് തീരുമാനം. ജൂലൈ 23ന് ഉദ്ഘാടന ചടങ്ങ് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെ നടത്താനിരുന്ന ഒളിംപിക്‌സാണ് കൃത്യം ഒരു വര്‍ഷത്തേക്ക് നീട്ടിവച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും ജപ്പാനിലെ സംഘാടകരും ചേര്‍ന്ന് ഒളിംപിക്‌സ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷം തന്നെ വസന്തകാലത്തേക്ക് ഒളിംപിക്‌സ് മാറ്റിവയ്ക്കാന്‍ സംഘാടകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ സോക്കര്‍ സീസണും നോര്‍ത്ത് അമേരിക്കന്‍ സ്‌പോര്‍ട്‌സ് ലീഗുകളും ഇതേസമയം തന്നെ ആയതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഗെയിംസ് മാറ്റിവയ്ക്കുന്നത്. നേരത്തെ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് റദ്ദാക്കിയിട്ടുണ്ട്.

ഒളിംപിക്‌സ് മാറ്റിവയ്‌ക്കേണ്ടി വന്നത് ജപ്പാന് വന്‍ സാമ്പത്തിക ബാധ്യതയാകുമെന്ന്? ടോക്യോയിലെ സംഘാടക സമിതി പ്രസിഡന്റ് യൊഷിരോ മോറി, സി.ഇ.ഒ തൊഷിരോ മുട്ടോ എന്നിവര്‍ പറഞ്ഞു. ഈ തുക ജപ്പാനിലെ നികുതി ദായകര്‍ക്ക് വന്‍ ബാധ്യതയാകുമെന്നും ഇരുവരും വ്യക്തമാക്കി. കോടിക്കണക്കിന് ഡോളര്‍ ഇിതിനായി കണ്ടെത്തേണ്ടി വരുമെന്നാണ് സംഘാടക സമിതിയുടെ കണക്കുകൂട്ടല്‍. ഒളിംപിക്‌സിനായി വിട്ടുകൊടുക്കേണ്ടി വന്നതിനാല്‍ മറ്റ് പ്രധാന ഇവന്റുകളുടെ ബുക്കിംഗ് നഷ്ടമായ സ്‌റ്റേഡിയങ്ങളുടെ നഷ്ടമടക്കം സംഘാടകര്‍ നികത്തേണ്ടി വരും.

pathram:
Leave a Comment