ലോക്ക് ഡൗണ്‍ നീട്ടില്ല; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. 21 ദിവസത്തിനു ശേഷം ലോക്ഡൗണ്‍ നീട്ടുമെന്നാണ് പലരും പറയുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കണ്ടിട്ട് അദ്ഭുതം തോന്നുന്നു. അത്തരം യാതൊരു ആലോചനകളും നടക്കുന്നില്ലെന്നും രാജീവ് ഗൗബ പറഞ്ഞു.

വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിക്കാനാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതു കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരണമെന്നും രാജീവ് ഗൗബ പറഞ്ഞു.

അതേസമയം ലോക്ക്ഡൗണ്‍ 30 ദിവസം കൂടി നീട്ടാന്‍ അമേരിക്ക തീരുമാനിച്ചു. കൊറോണ വൈറസ് പടരുന്നതിനിടയിലും രാജ്യം വീണ്ടും തുറക്കണമെന്ന മുന്‍നിലപാടില്‍നിന്നു പൂര്‍ണമായി പിന്നാക്കം പോയിരിക്കുകയാണ് ട്രംപ്. രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 12ഓടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ തുടരാന്‍ തീരുമാനിച്ചതായി ഞായറാഴ്ച ട്രംപ് അറിയിക്കുകയായിരുന്നു. എത്രയും മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവോ അത്രയും വേഗത്തില്‍ ഈ ആപത്ത് വിട്ടൊഴിയുമെന്നും ട്രംപ് പറഞ്ഞു. ജൂണ്‍ മാസത്തോടെ അമേരിക്ക സാധാരണ നിലയിലേക്കു എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.

പത്തു പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ പാടില്ല. പ്രായമായ ആളുകള്‍ വീട്ടില്‍ തുടരണം തുടങ്ങിയ നിയന്ത്രണങ്ങളാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. ഒന്നരലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് രോഗം ബാധിച്ചിരിക്കുന്നത്. മരണസംഖ്യ 2475 ആയി. ഒറ്റ ദിവസം 255 പേരാണു മരിച്ചത്.

ഷിക്കാഗോയില്‍ നവജാത ശിശുവും മരിച്ചു. കോവിഡ് ബാധിച്ച് ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞ് മരിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യമായി അമേരിക്ക മാറിക്കഴിഞ്ഞു. ന്യൂയോര്‍ക്ക്, കനക്ടികട്ട്, ന്യൂജഴ്‌സി എന്നീ മേഖലകളില്‍ 14 ദിവസത്തേക്കു യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്താകെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിനു മുകളിലായി. 33,856 പേര്‍ മരിച്ചു. ഇന്നലെ മാത്രം 58,285 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

pathram:
Leave a Comment