ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച 13 പേരെ പൂട്ടിയിട്ട് പോലീസ് , വീട്ടുകാര്‍ക്കെതിരേയും നടപടി

കാസര്‍കോട്: ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ച 13 പേര്‍ക്കെതിരെ പൊലീസ് നടപടി. നിരീക്ഷണം മറികടന്ന് കറങ്ങിനടന്ന ഇവരെ പൊലീസ് പിടികൂടി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ ക്രിമിനില്‍ കേസ് റജിസ്റ്റര്‍ ചെയ്യുമെന്ന് ജില്ലയുടെ പ്രത്യേക ചുമതലയുള്ള ഐജി വിജയ് സാഖറെ പറഞ്ഞു. ജില്ലയില്‍ നിരവധിപ്പേര്‍ ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ്–19 രോഗബാധിതരുള്ളത് കാസര്‍കോട് ജില്ലയിലാണ്. ഈ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചവര്‍ ഇത് കൃത്യമായി പാലിക്കുന്നുണ്ടോയെന്നുറപ്പാക്കാന്‍ പൊലീസ് നേരിട്ട് രംഗത്തിറങ്ങിയത്. വീടുകളില്‍ അന്വേഷിച്ചെത്തിയപ്പോള്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ടവരില്‍ പലരും സ്ഥലത്തുണ്ടായിരുന്നില്ല.

തുടര്‍ന്ന് ഇവരെ അന്വേഷിച്ച് കണ്ടെത്തി സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിലക്കുകള്‍ ലംഘിച്ച് പുറത്ത് കറങ്ങി നടന്ന 13 പേരും പ്രവാസികളാണ്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ അവരുടെ കുടുംബാംഗങ്ങളും നിയമനടപടി നേരിടേണ്ടിവരുമെന്നും ഐജി പറഞ്ഞു. ക്വാറന്റീന്‍ മാര്‍ഗരേഖകള്‍ പലരും പാലിക്കുന്നില്ലെന്നും പൊലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളിലും ഹോം ക്വാറന്റീനിലുള്ള മുഴുവന്‍ ആളുകളേയും കൃത്യമായി പിന്തുടരാനാണ് പൊലീസിന്റെ തീരുമാനം.

pathram:
Leave a Comment