കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ ഗുജറാത്തില്‍ കുതിരപ്പനിയും

അഹമ്മദാബാദ് : രാജ്യത്തു കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ ഗുജറാത്തില്‍ കുതിരപ്പനിയും. ഗുജറാത്ത്– രാജസ്ഥാന്‍ അതിര്‍ത്തി മേഖലയിലെ സന്തരാംപുര്‍ പ്രദേശത്താണ് ഗ്ലാന്‍ഡര്‍ (ബുര്‍ഖോല്‍ദേരിയ മാലേ ബാക്ടീരിയ) പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തത്. വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ അധികൃതര്‍ നിരീക്ഷണം ഊര്‍ജിതമാക്കി.

കഴിഞ്ഞ വര്‍ഷങ്ങളിലും ഗ്ലാന്‍ഡര്‍ സൂക്ഷ്മാണു കാരണം കുതിരകളും കഴുതകളും ചത്തിരുന്നു. മറ്റു വളര്‍ത്തുമൃഗങ്ങളിലേക്കും രോഗം പടരാം. കുതിരകളില്‍ വളരെ വേഗത്തില്‍ വായുമാര്‍ഗം പരക്കുന്ന സൂക്ഷ്മാണു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും മനുഷ്യമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മുന്‍ വര്‍ഷങ്ങളില്‍ കുതിരപ്പനി കാരണം വളര്‍ത്തു മൃഗങ്ങളെ സംസ്ഥാനാതിര്‍ത്തി വഴി കൊണ്ടുവരുന്നതും വില്‍ക്കുന്നതും മധ്യപ്രദേശ്, ഗുജറാത്ത് സര്‍ക്കാരുകള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരോധിച്ചിരുന്നു. അസുഖബാധയെത്തുടര്‍ന്നു സന്തരാംപുര്‍ മൃഗാശുപത്രിയില്‍ എത്തിച്ച കുതിര ചികിത്സയ്ക്കിടെ ചത്തതോടെയാണു രോഗം സംശയിച്ചത്. പരിശോധനയില്‍ സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. രോഗസാന്നിധ്യം കണ്ടതിനെത്തുടര്‍ന്നു മറ്റു മൂന്നു കുതിരകളെ കുത്തിവച്ചു കൊന്നു

pathram:
Related Post
Leave a Comment