ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികള്‍, വെള്ളവും ഭക്ഷണവും തീരുന്നു രക്ഷപ്പെടുത്തണം

ഷാര്‍ജ: ഷാര്‍ജയില്‍ പുറംകടലില്‍ ഒറ്റപ്പെട്ട് മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍. കപ്പല്‍ ഇറാനില്‍നിന്നു വന്നതിനാല്‍ ഷാര്‍ജ തുറമുഖത്ത് അടുപ്പിക്കാനുള്ള അനുമതി ലഭിക്കാതിരുന്നതോടെയാണ് ഇവര്‍ പുറംകടലില്‍ കുടുങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസമായി കടലില്‍ കഴിയുകയാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്ന് കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ പറഞ്ഞു.

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 ജീവനക്കാരാണ് കപ്പലിലുള്ളത്. കോഴിക്കോട്, പാലക്കാട്, വെഞ്ഞറാമൂട് സ്വദേശികളാണ് മലയാളികള്‍. ഇന്ത്യക്കാര്‍ക്ക് പുറമേ ഇന്‍ഡൊനീഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരും കപ്പലിലുണ്ട്. കപ്പലില്‍ ശേഖരിച്ച ഭക്ഷണം, കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ തീരാറായെന്നും കൊറോണ വൈറസ് പരിശോധനയ്ക്കുള്ള എല്ലാ മെഡിക്കല്‍ പരിശോധനകള്‍ക്കും തങ്ങള്‍ തയ്യാറാണെന്നും എങ്ങനെയെങ്കിലും പുറംകടലില്‍നിന്ന് രക്ഷപ്പെടുത്തണമെന്നുമാണ് കപ്പലിലുള്ളവര്‍ ആവശ്യപ്പെടുന്നത്.

അതേസമയം, ഷാര്‍ജ തുറമുഖത്തുനിന്ന് അനുമതി ലഭിക്കാത്തതിനാല്‍ തിരിച്ച് ഇറാനിലേക്ക് തന്നെ മടങ്ങണമെന്നാണ് കപ്പല്‍ കമ്പനി അറിയിച്ചത്. എന്നാല്‍ ഇറാനിലെ അവസ്ഥ ഭീകരമാണെന്നും നാട്ടിലേക്കോ അല്ലെങ്കില്‍ സുരക്ഷിതമായ മറ്റൊരിടത്തേക്കോ രക്ഷപ്പെടുത്തണമെന്നാണ് കപ്പലില്‍ കുടുങ്ങിയ മലയാളികളുടെ അഭ്യര്‍ത്ഥന.

മൂന്ന് മാസത്തെ ജോലിക്കായാണ് ദുബായിലെ സിയാന്‍ വെസല്‍ എന്ന കമ്പനിയുടെ എംവി ചാമ്പ്യന്‍ എന്ന കപ്പല്‍ ഇറാനിലേക്ക് തിരിച്ചത്. ഇറാനിലെ ജീവനക്കാരെയെല്ലാം അവിടെ ഇറക്കിയ ശേഷമാണ് കപ്പല്‍ ഷാര്‍ജയിലേക്ക് തിരിച്ചത്. വൈറസ് ഭീതിയെത്തുടര്‍ന്ന് തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതി ലഭിക്കാതെ അഞ്ച് ദിവസമായി പുറംകടലില്‍ കഴിയുകയാണിവര്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് നോര്‍ക്ക അറിയിച്ചിട്ടുണ്ട്‌

pathram:
Related Post
Leave a Comment