കൊറോണ; രോഗ ബാധിതരെ ചികിത്സിച്ച നഴ്‌സും മകളും ഐസൊലേഷന്‍ വാര്‍ഡില്‍; ഇറ്റലിയില്‍നിന്ന് 20 ദിവസം മുമ്പ് വന്നവരും ഐസൊലേഷന്‍ വാര്‍ഡില്‍

പത്തനംതിട്ട: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെയും മകളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനിയും ചുമയും വന്നതിനെത്തുടര്‍ന്നാണിത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം ഇറ്റലിയില്‍നിന്ന് 20 ദിവസം മുമ്പ് വന്ന റാന്നിയിലെ ഒരു കുടുംബത്തിലെ യുവതിയെയും രണ്ടുവയസുകാരിയായ മകളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇറ്റലിയിലും കൊച്ചി വിമാനത്താവളത്തിലും പരിശോധന തുടങ്ങുന്നതിനു മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്. പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. മൂക്കൊലിപ്പുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. നേരത്തേ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നുള്ള കുടുംബവുമായി സമ്പര്‍ക്കമില്ലാത്തവരാണ് ഇവര്‍.

pathram:
Leave a Comment