കൊറോണ: യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കും

പത്തനംതിട്ട: കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് . ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കര്‍ശന നടപടി എടുക്കും. മനഃപൂര്‍വ്വം പകര്‍ച്ചവ്യാധി പടര്‍ത്തുന്നതായി കണക്കാക്കി ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാകാത്തതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. ഇവര്‍ രോഗം മറച്ചുവെച്ചത് മറ്റുള്ളവരിലേക്ക് പടരാന്‍ കാരണമായതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. മറച്ചുവെച്ചില്ലെന്നും നിര്‍ബന്ധിക്കാതെ തന്നെ ആശുപത്രിയില്‍ പോയതെന്നുമുള്ള ഈ കുടുംബത്തിന്റെ അവകാശവാദവും കളക്ടര്‍ തള്ളി. നാട്ടിലെത്തിയ ശേഷം ഇവര്‍ പനിക്ക് മരുന്ന് വാങ്ങിയിരുന്നു. ബന്ധുക്കള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ട ശേഷം ആരോഗ്യ വകുപ്പ് നിര്‍ബന്ധിച്ചാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കളക്ടര്‍ അറിയിച്ചു. രോഗം ബാധിച്ചവരുടെ പ്രായമായ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഇതിനിടെ പത്തനംതിട്ടയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ബസില്‍ ജോലി ചെയ്യുന്ന ജീവനക്കര്‍ക്ക് മാസ്‌ക് ധരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട കോടതിയിലെ സാധാരണ നടപടികള്‍ അഞ്ച് ദിവസത്തേക്ക് നിറുത്തിവെക്കുകയും ചെയ്തു. പത്തനംതിട്ടയില്‍ 15 പേര്‍ ആശുപത്രിയിലാണ്. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ കഴിയുമെങ്കില്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ടയില്‍ അഞ്ചും കൊച്ചിയില്‍ മൂന്നു വയസുകാരനുമടക്കം നിലവില്‍ സംസ്ഥാനത്ത് ആറു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരായിരുന്നു. ഇവരില്‍ നിന്നാണ് ബന്ധുക്കളായ മറ്റു രണ്ടു പേര്‍ക്ക് പകര്‍ന്നത്. കൊച്ചിയില്‍ ഇറ്റലിയില്‍ നിന്ന് തന്നെ എത്തിയ കുടുംബത്തോടൊപ്പമെത്തിയ മൂന്നു വയസുകാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് തന്നെ ഈ കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടെത്താനായിരുന്നു. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. രോഗ ബാധിതര്‍ ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.

pathram:
Leave a Comment