ചൈനയുടെ വാദം പൊളിയുന്നു; ഇന്നലെ മാത്രം മരിച്ചത് 242 പേര്‍; കൊറോണ ബാധിച്ചവര്‍ 60,000 കടന്നു

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,355 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലാണ് എല്ലാമരണവും. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അറുപതിനായിരമായി. പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും വൈറസ് നിയന്ത്രണവിധേയമാകുന്നുവെന്നും ചൈന അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇത്രയധികം പേര്‍ ഒറ്റദിവസം മരിച്ചത്.

കൊറോണ ഭീഷണിയെ തുടര്‍ന്ന് ഈ മാസം 24 മുതല്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കാനിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് റദ്ദാക്കി. മുന്‍നിര മൊബൈല്‍ കമ്പനികള്‍ പലതും പിന്മാറിയതോടെയാണ് തീരുമാനം. ഏപ്രില്‍ 19 മുതല്‍ ഷാങ്ഹായില്‍ നടക്കാനിരുന്ന ചൈനീസ് ഗ്രാന്‍പ്രീയും മാറ്റിവച്ചു.

ഇന്ത്യക്കാരടക്കം 3,711 പേരുമായി പിടിച്ചിട്ടിരിക്കുന്ന ജപ്പാന്‍ ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസിലെ 39 പേര്‍ക്കുകൂടി കൊവിഡ്–19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇവരില്‍ 2 പേര്‍ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാരാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ചികിത്സാ സഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഹോങ്കോങ്ങില്‍ ഇറങ്ങിയ യാത്രക്കാരനില്‍ വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ മാസം 5 നാണു ഡയമണ്ട് പ്രിന്‍സസ് കപ്പല്‍ പിടിച്ചിട്ടത്. 2,670 യാത്രക്കാരും 1,100 ജീവനക്കാരുമുള്ള കപ്പലിലെ 300 പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ത്തന്നെ രോഗബാധ കണ്ടെത്തിയിരുന്നു.

pathram:
Leave a Comment