ഫേസ്ബുക്കിന് വൻ തിരിച്ചടി; ലിബ്രയിൽ നിന്ന് വോഡാഫോണും വിട്ടു

ഫെയ്സ്ബുക്കിന്റെ തന്ത്രങ്ങൾ പൊളിയുന്നു. ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ കറൻസിയായ ലിബ്ര കൺസോർഷ്യത്തിൽ നിന്നു ബ്രിട്ടിഷ് കമ്പനിയായ വോഡാഫോണും പിൻവാങ്ങി. ഇതോടെ 100 കമ്പനികളെ ഉൾപ്പെടുത്തി വിപുലമാക്കാനിരുന്ന ലിബ്ര ഗവേണിങ് കൗൺസിലിൽ നിന്ന് പടിയിറങ്ങിയ എട്ടാമത്തെ കമ്പനിയായി വോഡാഫോൺ.

30 കമ്പനികളുടെ സഹകരണത്തോടെ തുടക്കമിട്ട കമ്പനിയിൽ നിന്ന് ഇതുവരെ പേയ്പാൽ, മാസ്റ്റർകാർഡ്, വീസ, ഇബേയ്, സ്ട്രൈപ് തുടങ്ങിയ പ്രമുഖ കമ്പനികളും നേരത്തേ പിൻവാങ്ങിയിരുന്നു. ഫെയ്സ്ബുക് ഉപയോക്താക്കൾ തമ്മിലുള്ള ഇടപാടുകൾക്കും ഫെയ്സ്ബുക്കിലെ ഇ കൊമേഴ്സ് ഇടപാടുകൾക്കും ലിബ്ര ഉപയോഗിക്കാവുന്ന തരത്തിലാണ് ഫെയ്സ്ബുക് വിഭാവനം ചെയ്തത്.

എന്നാൽ, യുഎസ് സർക്കാർ ഉൾപ്പെടെ ഇതിനെ എതിർത്തതോടെ വിവിധ കമ്പനികൾ പിന്മാറുകയായിരുന്നു. ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ കറൻസി (ക്രിപ്റ്റോകറൻസി) പദ്ധതിയായ ലിബ്രയ്ക്കെതിരെ ജി–7 രാജ്യങ്ങൾ വരെ രംഗത്തെത്തിയിരുന്നു. നിയമപരമായ നിയന്ത്രണത്തിനും ദുരുപയോഗം തടയാനുമുള്ള സംവിധാനങ്ങളുമില്ലാതെ പദ്ധതി അനുവദിക്കരുതെന്ന് രാജ്യാന്തര നാണ്യ നിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക കൂട്ടായ്മയിൽ ജി–7 ധനമന്ത്രിമാർ വ്യക്തമാക്കിയിരുന്നത്.

ഏകദേശം 1,600 സ്ഥാപനങ്ങൾ ലിബ്ര പദ്ധതിയുമായി സഹകരിക്കാൻ ആദ്യം താൽപര്യം വ്യക്തമാക്കിയിരുന്നു. 100 ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളെയെങ്കിലും ഉൾപ്പെടുത്തി പദ്ധതി മുന്നോട്ടുപോകാനായിരുന്നു ഫെയ്സ്ബുക്കിന്റെ തീരുമാനം. എന്നാൽ, തുടക്കത്തിലെ പ്രമുഖ കമ്പനികള്‍ ലിബ്രയെ കൈവിട്ടത് ഫെയ്സ്ബുക്കിന് വൻ തിരിച്ചടിയായി.

pathram desk 2:
Leave a Comment