മുഖ്യമന്ത്രി നിയമലംഘനം നടത്തി; അല്ലെങ്കില്‍ അദ്ദേഹം വ്യക്തമാക്കട്ടെ; ഗവര്‍ണര്‍

സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘ഞാനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ നിയമമാണ് പറയുന്നത്. ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെ’ – ഗവര്‍ണര്‍ പറഞ്ഞു.

തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമ വിരുദ്ധമാണ്. റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അനുവാദമില്ലാതെ സ്വയം തീരുമാനിച്ച് മുന്നോട്ടുപോകാന്‍ അനുവാദം നല്‍കുന്ന ചട്ടങ്ങള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണഘടനയും രാജ്യത്തെ നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടൊയെന്ന് ഉറപ്പുവരുത്തലാണ് തന്റെ ദൗത്യം. അത് ഉറപ്പായും ചെയ്യും.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കുന്നത് മാറ്റിവെച്ചത് സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്നും അവര്‍ക്ക് നിരവധി ഭീഷണികള്‍ ലഭിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. അവര്‍ സംവാദത്തിലും ചര്‍ച്ചയിലും വിശ്വസിക്കുന്നില്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല. സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചര്‍ച്ചകളോടും സംവാദങ്ങളോടും മുഖം തിരിക്കുകയും ചെയ്യുന്നവര്‍ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം വലുതാക്കുന്നവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

തനിക്കെതിരായ സിപിഎമ്മിന്റെയും സിപിഐയുടെയും വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണര്‍മാര്‍ ആര്‍എസ്എസ് നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഞാന്‍ എന്റെ ഭരണഘടാനാ ബാധ്യതകള്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ ഒരിക്കല്‍ ഭീഷണി മുഴക്കിയത്. എന്നാല്‍ അതിന് ശേഷവും ഞാന്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്നു. അവര്‍ എന്തുവേണമെങ്കിലും പറയട്ടെ. അതിനൊന്നും മറുപടി നല്‍കാന്‍ തയ്യാറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

SHARE