ദിലീപിന് വീണ്ടും തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. ദിലീപ് ആവശ്യപ്പെട്ട പ്രകാരം കേസ് വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ദിലീപിന്റെ ഹര്‍ജിയിലാണു കോടതി ഉത്തരവ്. പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചു റിപ്പോര്‍ട്ട് വരുന്നതുവരെ ക്രോസ് വിസ്താരം പാടില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലേക്കു കഴിഞ്ഞദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.

കേസിലെ ഒന്‍പതാം പ്രതിയാണു ദിലീപ്. കോടതി പരിശോധിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ തനിപ്പകര്‍പ്പാണു പരിശോധനയ്ക്ക് അയച്ചത്. ഇതേ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ വിചാരണക്കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ അടച്ചിട്ട കോടതി മുറിയില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിഭാഗത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നു. ഇത്തരം പരിശോധനകളുടെ ചെലവു പ്രതിഭാഗം വഹിക്കണം.

പ്രതിഭാഗത്തിനൊപ്പം ദൃശ്യങ്ങള്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ തയാറാക്കിയ ചോദ്യാവലികള്‍ക്കൊപ്പമാണു ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. കേന്ദ്ര ഫൊറന്‍സിക് ലാബിന്റെ പരിശോധനാ റിപ്പോര്‍ട്ട് വിചാരണയുടെ ഈ ഘട്ടത്തില്‍ തെളിവായി സ്വീകരിക്കില്ലെങ്കിലും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനായി ഉപയോഗിക്കാന്‍ കഴിയും.

pathram:
Leave a Comment