സഞ്ജുവല്ല; പന്തിന് പകരമെത്തുന്നത്….

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത് ഇന്ത്യന്‍ ടീമില്‍. പന്തിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് ഈ ആന്ധ്ര താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം.എസ് ധോനിക്ക് പകരക്കാരെ തേടുന്ന ഘട്ടത്തില്‍ ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവര്‍ക്കൊപ്പം തന്നെ ഉയര്‍ന്നുകേട്ടിരുന്ന പേരുകളിലൊന്നാണ് ഭരതിന്റേത്.

നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ന്യൂസീലന്‍ഡ് പര്യടനത്തിലാണ് സഞ്ജു. രാജ്കോട്ടില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനു മുമ്പാണ് ഭരതിനെ ടീമിലെടുത്തത്.

മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തിനിടെ 44-ാം ഓവറില്‍ ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ട് കണ്‍കഷന്‍ നേരിട്ട പന്ത് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം കെ.എല്‍. രാഹുലാണ് വിക്കറ്റ് കീപ്പറായത്. ഇതിനു പിന്നാലെ രാജ്‌കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനായി പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ പന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം 19-ന് നടക്കുന്ന മൂന്നാം ഏകദിനത്തിനു മുമ്പ് പന്ത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പന്ത്.

ഇന്ത്യ എയ്ക്കു വേണ്ടി ഓസ്ട്രേലിയ എ, ഇംഗ്ലണ്ട് ലയണ്‍സ്, ശ്രീലങ്ക എ എന്നീ ടീമുകള്‍ക്കെതിരെ ഭരത് സെഞ്ചുറി നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 142. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയാണ് 25-കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികളും 20 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ് ടീമുകള്‍ക്കു വേണ്ടിയും ഭരത് കളിച്ചിട്ടുണ്ട്.

pathram:
Leave a Comment