ഘടകകക്ഷികള്‍ എന്‍ഡിഎ വിടുന്നതില്‍ ബിജെപിക്ക് ആശങ്ക

ന്യൂഡല്‍ഹി: ജനവിധിയെ ബഹുമാനിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയതോതിലുള്ള ഭിന്നതകള്‍ മാറ്റിവെച്ചുകൊണ്ട് ഒരുമിച്ചു നില്‍ക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന എന്‍ഡിഎ യോഗത്തില്‍നിന്ന് ശിവ സേന വിട്ടുനിന്ന സാഹചര്യത്തിലായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം.

നാം ഒരു വലിയ കുടുംബമാണ്. ജനങ്ങള്‍ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ജനങ്ങള്‍ നമുക്ക് നല്‍കിയത്യ മികച്ച വിജയമാണ്. അതിനെ നമ്മള്‍ ബഹുമാനിക്കണം. ഒരേ ആശങ്കള്‍ പങ്കുവെക്കുന്നില്ലെങ്കിലും ഒരുപോലെ ചിന്തിക്കുന്ന പാര്‍ട്ടികളാണ് നാമെല്ലാം. ചെറിയതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നമ്മുടെ ഐക്യത്തെ തകര്‍ക്കാന്‍ പാടില്ല- മോദി പറഞ്ഞു.

ഞായറാഴ്ച നടന്ന എന്‍ഡിഎ യോഗത്തില്‍ ശിവസേനയുടെ അഭാവം ഏറെ ശ്രദ്ധിക്കപ്പെട്ടതായി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ഡിഎയിലെ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ടിഡിപി, ആര്‍എല്‍എസ്പി തുടങ്ങിയ പാര്‍ട്ടികളും എന്‍ഡിഎ വിട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി-ശിവസേന സഖ്യം തകര്‍ന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ബിജെപിയുമായി തെറ്റിയ ശിവസേന സഖ്യം വിടുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ഞായറാഴ്ചത്തെ എന്‍ഡിഎ യോഗത്തില്‍നിന്ന് ശിവസേന വിട്ടുനിന്നത്.

SHARE