ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.

എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല. പരീക്ഷയില്‍ കോപ്പി അടിക്കാന്‍ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു കെട്ടില്‍ പന്ത്രണ്ട് ആന്‍സര്‍ ഷീറ്റുകളാണുള്ളത്.

കത്തിക്കുത്ത് കേസ് അന്വേഷിക്കുന്ന കന്‍റോണ്‍മെന്‍റ് എസ്ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്‍റെ ആറ്റുകാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ശിവരഞ്ജിത്തിന്‍റെ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുമായി എത്തിയ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി.

Similar Articles

Comments

Advertismentspot_img

Most Popular