ഗീരീഷ് കര്‍ണാട് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും ചലച്ചിത്രകാരനും നാടകകൃത്തുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
1974ല്‍ പദ്മശ്രീയും 1992ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്‌റുവിയന്‍ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കര്‍ണാട് ഇന്ത്യന്‍ നാടകവേദിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു.
തുടര്‍ന്നുള്ള നാല് ദശകങ്ങളില്‍, ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിച്ചു. ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കര്‍ണാടിന് കഴിഞ്ഞു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളദ്ദേഹം കരസ്ഥമാക്കി.
ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുെ്രെള്‍ബറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
പ്രായാധിക്യവും അസുഖങ്ങളും തളര്‍ത്താതെ പൊതു ചര്‍ച്ചകളിലും സാഹിത്യോത്സവ വേദികളിലും സജീവമായി പങ്കെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തി. ഗൗരി ലങ്കേഷ്, എം.എം.കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് നടന്ന ബെംഗളൂരുവില്‍ നടന്ന സമര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular