പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങള്‍ മത്സരിച്ച് കുടമാറ്റം നടത്തിയപ്പോള്‍ നിറങ്ങളില്‍ നിറഞ്ഞ് പൂരനഗരി. ഇരുവിഭാഗങ്ങളും വിവിധ നിറത്തിലുള്ള കുടകള്‍ മത്സരിച്ചുയര്‍ത്തിയതോടെ പൂരപ്രേമികള്‍ ആവേശംകൊണ്ടു. പതിവിലും കൂടുതല്‍ ജനങ്ങളാണ് ഇത്തവണ പൂരത്തിനെത്തിയത്. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.
പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്റെ പ്രധാന ആകര്‍ഷണം. കഥകളി രൂപങ്ങള്‍ മുതല്‍ മിക്കി മൗസിന്റെ ചിത്രങ്ങള്‍ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റത്തിന് മിഴിവേകി.
രാവിലെ അഞ്ച് മണിക്ക് കണിമംഗലം ശാസ്താവ് വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക്തുടക്കമായത്. തുടര്‍ന്ന് ചെമ്പുക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്‍മാര്‍ ഘടകപൂരങ്ങളായി വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക് എത്തി. ഓരോ ഘടകപൂരങ്ങള്‍ക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. തുടര്‍ന്ന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തില്‍ നിന്ന് വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന മഠത്തില്‍ വരവ് നടന്നു.
ഉച്ചയോടെ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. എല്ലാം മറന്ന് മേളപ്രേമികള്‍ കൈ ആകാശത്തേക്ക് എറിഞ്ഞുവീശി, ഓരോ മേളപ്പെരുക്കത്തിനും ഒപ്പം കൂടി. ശാരീരികാസ്വസ്ഥതകള്‍ മറന്നും മേളപ്രമാണിയായ പെരുവനം കുട്ടന്‍മാരാര്‍ കൊട്ടിന് നേതൃത്വം നല്‍കി. രാവിലെ കടുത്ത പനി ബാധിച്ചാണ് കുട്ടന്‍മാരാര്‍ എത്തിയത് തന്നെ. പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ കുട്ടന്‍മാരാര്‍ തളര്‍ന്നു വീണിരുന്നു.
Leave a Comment